ഏക സിവിൽ കോഡ്, പൗരത്വ രജിസ്ട്രേഷൻ... കർണാടക ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
text_fieldsബംഗളുരു: കർണാടകയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ഏക സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രകടനപ്പത്രികയിലെ പ്രധാന വാഗ്ദാനം. നിർമാണ മേഖലയിൽ 10 ലക്ഷം ജോലി, ബംഗളൂരുവിന് സംസ്ഥാന തലസ്ഥാന മേഖലാ ടാഗ് എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ. ബി.ജെ.പി പ്രജ പ്രണാലിക് എന്നു പേരിട്ട പ്രകടന പത്രിക പാർട്ടി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ ബംഗളൂരുവിൽ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, മുതിർന്ന പാർട്ടി നേതാവ് ബി.എസ് യെദിയൂരപ്പ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രീണനമില്ലാതെ എല്ലാവർക്കും നീതി എന്നതാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ കാഴ്ചപ്പാടെന്ന് ജെ.പി നദ്ദ പറഞ്ഞു. ദേശീയ പൗരത്വ രജിസ്ട്രേഷൻ സംസ്ഥാനത്ത് നടപ്പാക്കുകയും അതുവഴി അനധികൃത കുടിയേറ്റക്കാതെ വേഗത്തിൽ ഒഴിപ്പിക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു.
ദാരിദ്ര്യ രേഖക്ക് താഴെയുള്ളളവർക്ക് മാസം വീട്ടുസാധനങ്ങളുൾപ്പെട്ട റേഷൻ കിറ്റുകൾ, എസ്.സി, എസ്.ടി വിഭാഗത്തിലെ സ്ത്രീകൾക്ക് സ്ഥിര നിക്ഷേപ പദ്ധതി, കർണാടകയെ വൈദ്യുത വാഹന ഹബ്ബാക്കാൻ പദ്ധതി, ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് സൗജന്യ പാചക വാതക സിലിണ്ടറുകൾ -അവയോരോന്നും യുഗാദി, ഗണേശ ചതുർത്ഥി, ദീപാവലി എന്നീ ആഘോഷങ്ങളുടെ മാസങ്ങളിലാണ് നൽകുക - എന്നിവയാണ് വാഗ്ദാനങ്ങൾ.
ഇത്തവണ കോൺഗ്രസിന് കർണാടകയിൽ വിജയ സാധ്യത കൂടുതലാണെന്നാണ് പ്രവചനം. എങ്കിലും ഇതുവരെ കോൺഗ്രസ് പ്രകടന പത്രിക ഇറക്കിയിട്ടില്ല. എന്നിരുന്നാലും, എല്ലാ വീടുകളിലും 200 യൂനിറ്റ് സൗജന്യ വൈദ്യുതി, ദരിദ്ര കുടുംബങ്ങൾക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങളിലും ഗൃഹനാഥക്ക് മാസം 2000 രൂപ ധനസഹായം, തൊഴിൽ രഹിത ബിരുദധാരികൾക്ക് മാസം 3000 രൂപ ധനസഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രചാരങ്ങൾക്കിടെ പാർട്ടി മുന്നോട്ടുവെച്ചിരിക്കുന്നത്. മെയ് 10നാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.