ഏക സിവിൽ കോഡ്: എതിർപ്പ് ശക്തം; പാർലമെന്റ് സർക്കാറിന് വൻ കടമ്പ
text_fieldsന്യൂഡൽഹി: ഏക സിവിൽ കോഡിനെതിരായ എതിർപ്പ് ശക്തമായിരിക്കെ, ഇതിനായുള്ള നിയമനിർമാണം മോദി സർക്കാറിന് വൻകടമ്പയായി. സർക്കാർ പിന്തുണ പ്രതീക്ഷിച്ച കോണുകളിൽനിന്നുകൂടി പ്രതിഷേധമുയരുകയാണ്. പഞ്ചാബ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി സഖ്യകക്ഷികൾ ഏക സിവിൽ കോഡിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചു.
പ്രതിപക്ഷത്തിനു പുറമെ, സർക്കാറിന് നിർണായക ഘട്ടങ്ങളിൽ പിന്തുണ നൽകിപ്പോരുന്ന വൈ.എസ്.ആർ കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ പാർട്ടികളും ഏക സിവിൽ കോഡിനെതിരെ തിരിഞ്ഞു. ലോക്സഭയിൽ ഭൂരിപക്ഷമുണ്ടെങ്കിലും, രാജ്യസഭയിൽ ഈ പാർട്ടികളുടെ പിന്തുണ കൂടാതെ ഏക സിവിൽ കോഡ് ബിൽ പാസാക്കിയെടുക്കാൻ കഴിയില്ല.
പ്രതിപക്ഷത്തെ ഈ വിഷയത്തിൽ പല തട്ടിലാക്കാൻ കഴിയുമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലും പാളിയ നിലയിലാണ്. ഏക സിവിൽ കോഡ് എന്ന ആശയത്തോട് മുൻകാലങ്ങളിൽ അനുകൂല നിലപാട് പ്രകടിപ്പിച്ചിട്ടുള്ള പാർട്ടികളും, സാമുദായിക മേധാവിത്വം അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന മോദി സർക്കാർ അതു നടപ്പാക്കാൻ തുനിയുന്നത് അപകടകരമായ നീക്കമാണെന്ന് മുന്നറിയിപ്പു നൽകി.
ആദിവാസി-ഗോത്രവർഗ വിഭാഗങ്ങളിൽനിന്നുയർന്ന എതിർപ്പ് സർക്കാറിനെ ഊരാക്കുടുക്കിലാക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളൊന്നാകെ എതിര്. തങ്ങളുടെ പരമ്പരാഗത സ്വത്വത്തിന് നിരക്കുന്നതല്ല ഏക സിവിൽ കോഡെന്ന് നാഗാലാൻഡിലെ എൻ.ഡി.പി.പി, മേഘാലയയിലെ എൻ.പി.പി, മിസോറമിലെ എം.എൻ.എഫ് തുടങ്ങിയ പാർട്ടികൾ നിലപാടെടുത്തു. മണിപ്പൂർ കത്തുകയുമാണ്.
ഏറ്റവുമാദ്യം സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങുന്ന ഉത്തരാഖണ്ഡിൽ ആദിവാസി-ഗോത്രവിഭാഗങ്ങളെ അനുനയിപ്പിക്കാനോ സിവിൽ കോഡിന്റെ പരിധിയിൽനിന്ന് മാറ്റിനിർത്താനോ ഉള്ള ശ്രമമാണ് ബി.ജെ.പിയുടേത്. മുസ്ലിംകൾക്കു പുറമെ സിഖ്, ക്രൈസ്തവ വിഭാഗങ്ങളും സിവിൽ കോഡിനെതിരാണ്.
പഞ്ചാബിൽ ശിരോമണി അകാലിദൾ, കോൺഗ്രസ് എന്നിവ ബി.ജെ.പിയുടെ നീക്കത്തെ എതിർത്തതോടെ, സിവിൽ കോഡിനെ താത്ത്വികമായി പിന്തുണച്ച ആം ആദ്മിക്ക് ദേശീയതലത്തിൽ നിലപാട് മാറ്റേണ്ടിവരും. എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുക്കാതെ മുന്നോട്ടുപോകരുതെന്ന് ബി.എസ്.പിയും സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏക സിവിൽ കോഡ് ബിൽ ശീതകാല സമ്മേളനത്തിൽ കൊണ്ടുവന്നേക്കുമെന്ന സൂചനകളുണ്ടെങ്കിലും, പാർലമെന്റിൽ ബിൽ പാസാക്കിയെടുക്കാൻ ബി.ജെ.പിക്ക് കഴിയണമെന്നില്ല എന്നാണ് ഇതത്രയും സൂചിപ്പിക്കുന്നത്. അതേസമയം, ബിൽ പാസായാലും ഇല്ലെങ്കിലും ബിൽ പാർലമെന്റിൽ കൊണ്ടുവരാനും തെരഞ്ഞെടുപ്പിൽ ചേരിതിരിവിന് ഉതകുന്ന സജീവ ചർച്ചയാക്കാനുംതന്നെയാണ് ബി.ജെ.പിയുടെ നീക്കം.
നിയമ കമീഷനെ വിയോജിപ്പ് അറിയിച്ച് വ്യക്തിനിയമ ബോർഡ്
ലഖ്നോ: ഏക സിവിൽ കോഡിൽ വിയോജിപ്പ് അറിയിച്ച് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. കോഡിൽനിന്നും ആദിവാസികളെ മാത്രമല്ല, എല്ലാ മത ന്യൂനപക്ഷങ്ങളെയും ഒഴിവാക്കണമെന്ന് ബോർഡ് നിയമ കമീഷനോട് അഭ്യർഥിച്ചു. കോഡ് സംബന്ധിച്ച് തയാറാക്കിയ പ്രതികരണത്തിന്റെ കരട് ബുധനാഴ്ച നടന്ന ഓൺലൈൻ ജനറൽ ബോഡിയിൽ ചർച്ചക്കുവെച്ചതായി വക്താവ് കാസിം റസൂൽ ഇല്യാസ് പറഞ്ഞു.
ഇത് ഐകകണ്ഠ്യേന അംഗീകരിച്ചതിനെ തുടർന്ന് നിയമ കമീഷന് അയച്ചു. ഏക സിവിൽ കോഡിൽ നിയമ കമീഷനെ പ്രതികരണം അറിയിക്കാനുള്ള സമയം ജൂലൈ 14ന് അവസാനിക്കും. ഈ സമയം ആറുമാസത്തേക്ക് നീട്ടണമെന്ന് വ്യക്തിനിയമ ബോർഡ് നേരത്തെ അഭ്യർഥിച്ചിരുന്നു.
എല്ലാ വിഭാഗം ജനങ്ങളും കോഡിനോടുള്ള എതിർപ്പ് കമീഷനെ അറിയിക്കണമെന്ന് ജനറൽ ബോഡിയിൽ അഭ്യർഥിച്ചതായി വക്താവ് തുടർന്നു. ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.