ഏക സിവിൽ കോഡ്; തിരക്കിട്ട് ഉത്തരാഖണ്ഡ്
text_fieldsന്യൂഡൽഹി: ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം ഏക സിവിൽ കോഡ് ആദ്യം നടപ്പാക്കുന്ന സംസ്ഥാനമായി മാറാൻ ഉത്തരാഖണ്ഡ് തിടുക്കപ്പെട്ട നീക്കങ്ങളിൽ. മുഖ്യമന്ത്രി പുഷ്കർസിങ് ധാമി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇതേക്കുറിച്ച് ചർച്ച നടത്തി. പഠനസമിതിയുടെ കരട് ബിൽ കിട്ടിയാലുടൻ അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആദിവാസി-ഗോത്ര സമൂഹങ്ങൾക്ക് ബാധകമല്ലാത്തവിധം ഏകസിവിൽ കോഡ് നടപ്പാക്കാനാണ് ഒരുക്കം. പ്രധാനമന്ത്രിയുമായും നേരത്തേ ആഭ്യന്തര മന്ത്രി അമിത്ഷായുമായും നടത്തിയ കൂടിക്കാഴ്ചയിൽ ഏകസിവിൽ കോഡ് ചർച്ചയായില്ലെന്നാണ് ധാമി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്നാൽ, പുതിയ നിയമ വ്യവസ്ഥകളോരോന്നും നരേന്ദ്ര മോദിക്ക് അറിയുന്നതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കണമെന്നത് പ്രധാനമന്ത്രിയുടെ ചിന്തയാണ്. പഠനസമിതിയുടെ പൂർണമായ കരട് റിപ്പോർട്ട് ഇനിയും കിട്ടിയിട്ടില്ല. എത്രയും പെട്ടെന്ന് ഉത്തരാഖണ്ഡിൽ നടപ്പാക്കുകതന്നെ ചെയ്യും; താമസിപ്പിക്കില്ല. തിരിക്കിട്ട് നടപ്പാക്കി പോരായ്മകൾ വരുത്തിവെക്കുകയുമില്ല.
ഏക സിവിൽ കോഡിൽനിന്ന് ആദിവാസി-ഗോത്ര സമൂഹത്തെ ഒഴിവാക്കുമോ എന്ന ചോദ്യത്തിന്, പഠനസമിതി വിവിധ ഗോത്ര വിഭാഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി. പ്രധാനമന്ത്രിയെ കണ്ടത് പ്രളയബാധിത മേഖലകളിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്ന കാര്യം ചർച്ച ചെയ്യാനാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തെ ജി.എസ്.ടി വരുമാനം തുടങ്ങി മറ്റു വിഷയങ്ങളും ചർച്ചയായെന്നും ധാമി വിശദീകരിച്ചു.
ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് കഴിഞ്ഞ വർഷം നടന്ന ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. അധികാരത്തിൽ വന്നപാടേ റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിൽ പഠനസമിതിയെ നിയോഗിച്ചു. സ്വന്തംനിലക്ക് ഏക സിവിൽ കോഡ് നടപ്പാക്കാൻ മുന്നോട്ടുനീങ്ങിയ ആദ്യ സംസ്ഥാനമായി ഇതോടെ ഉത്തരാഖണ്ഡ് മാറി. കേന്ദ്രത്തിന്റെ മാതൃക നിയമത്തിന് കാത്തുനിൽക്കാതെ ഗുജറാത്തും പഠന സമിതിയെ നിയോഗിച്ചു.
വേറിട്ട രൂപത്തിൽ ഗോവയിൽ നേരത്തേതന്നെ ഏക സിവിൽ കോഡ് പ്രാബല്യത്തിലുണ്ട്. അതേസമയം, ഉത്തരാഖണ്ഡ് കൊണ്ടുവരുന്ന ഏക സിവിൽ കോഡ് ബി.ജെ.പി മുന്നോട്ടുവെക്കുന്ന നിയമ നിർമാണത്തിന്റെ പൊതുരൂപം വ്യക്തമാക്കും. ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണ ശാലയായും ഉത്തരാഖണ്ഡ് മാറുകയാണ്.
ഏക സിവിൽ കോഡിന്റെ പരിധിയിൽനിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും മറ്റു മേഖലകളിലെയും ആദിവാസി-ഗോത്ര സമൂഹങ്ങളെ ഒഴിവാക്കണമെന്ന കാഴ്ചപ്പാട് കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് സ്ഥിരം സമിതി യോഗത്തിൽ ചെയർമാൻ കൂടിയായ ബി.ജെ.പി നേതാവ് സുശീൽ മോദി മുന്നോട്ടുവെച്ചിരുന്നു. ഇതാകട്ടെ, ഏക സിവിൽ കോഡിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്നംവെക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട കൂടുതൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.