ഏകീകൃത നിയമം: നിയമ നിർമാണ സഭകളോട് നിർദേശിക്കാനാവുമോ എന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ജീവനാംശം എന്നിവയിൽ മതഭേദമെന്യേ ലിംഗസമത്വം ഉറപ്പു വരുത്തുന്ന ഏകീകൃത നിയമങ്ങളുണ്ടാക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്ന ഹരജികൾ പരിഗണിക്കണമോ എന്നത് നാലാഴ്ചക്കകം തീരുമാനിക്കുമെന്ന് സുപ്രീംകോടതി.
ഹരജികളിലെ ആവശ്യങ്ങൾ നിയമനിർമാണ സഭകളുടെ അധികാരപരിധിയിൽ വരുന്ന വിഷയമാണെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് 17 ഹരജികൾ മാറ്റിവെച്ചത്.
അഡ്വ. അശ്വിനി കുമാർ ഉപാധ്യായ നൽകിയ പൊതുതാൽപര്യ ഹരജിയിൽ തനിക്ക് എതിർപ്പുണ്ടെന്ന് മറ്റൊരു ഹരജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു.
മതഭേദമെന്യേ ലിംഗസമത്വം ഉറപ്പാക്കുന്ന നിയമം വേണമെന്ന ഉപാധ്യായയുടെ പൊതു താൽപര്യഹരജിയുടെ അടിസ്ഥാനമെന്താണെന്ന് കഴിഞ്ഞതവണ കോടതി ചോദിച്ചതാണ്. ഇക്കാര്യം സർക്കാറാണ് തീരുമാനിക്കേണ്ടത്.
ഈ വിഷയത്തിൽ കോടതിക്ക് പ്രാഥമികമായിപോലും ഉത്തരവിറക്കാൻ സാധിക്കില്ലെന്നും ഇത് പൂർണമായി സർക്കാറിന്റെ പരിധിയിൽവരുന്ന വിഷയമാണെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു. എന്നാൽ, ഉപാധ്യായക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കപിൽ സിബലിന്റെ വാദത്തെ എതിർത്തു. വ്യക്തികളുടെ ഹരജികൂടി ഇതിലുണ്ടെന്നും സ്ത്രീകൾക്കും പുരുഷനും തുല്യത ഉറപ്പുവരുത്തുന്ന നിയമമാണ് വേണ്ടതെന്ന് ആവശ്യപ്പെടുന്ന മുസ്ലിംസ്ത്രീയുടെ ഹരജിയാണതെന്നും ഈ വിഷയത്തിൽ ഒരു പരിധിവരെ കോടതിക്ക് ഇടപെടാനാകുമെന്നും അദ്ദേഹം ബോധിപ്പിച്ചു. ഇതോടെയാണ് ഹരജികൾ പരിഗണിക്കണമോ എന്ന് നാലാഴ്ചക്കുശേഷം തീരുമാനിക്കാമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്.
വിവാഹ മോചനത്തിന് പൗരന്മാർക്ക് മത-ലിംഗ ഭേദമെന്യേ ഒരേ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2020ൽ അശ്വിനി കുമാർ ഉപാധ്യായ പൊതുതാൽപര്യ ഹരജി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.