ഏകീകൃത വിവാഹപ്രായം; സുപ്രീംകോടതി കേന്ദ്രസർക്കാറിന്റെ അഭിപ്രായം തേടി
text_fieldsന്യൂഡൽഹി: രാജ്യത്തെ മുഴുവൻ വിഭാഗങ്ങളിലെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം 18 വയസ്സായി ഏകീകരിക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാറിന്റെ അഭിപ്രായംതേടി.
ദേശീയ വനിത കമീഷൻ നൽകിയ ഹരജിയിൽ ചീഫ് ജസ്റ്റിസ് എസ്.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. നിലവിൽ പെൺകുട്ടികൾക്ക് 18ഉം ആൺകുട്ടികൾക്ക് 21ഉം ആണ് കുറഞ്ഞ വിവാഹപ്രായം. നിയമപരമായി പ്രായപൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടികളുടെ വിവാഹം നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാക്കണമെന്ന അപേക്ഷയിൽ ഡിവിഷൻ ബെഞ്ച് നിയമ കമീഷന്റെ പ്രതികരണവും തേടിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടിയുടെ വിവാഹം മുസ്ലിം വ്യക്തിനിയമ പ്രകാരം അംഗീകരിച്ച ഡൽഹി ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വനിത കമീഷൻ ഹരജിയുമായെത്തിയത്. പ്രായപൂർത്തിയാകും മുമ്പ് വിവാഹിതരാകുന്ന മുസ്ലിം പെൺകുട്ടികൾക്കും ശിക്ഷാനിയമത്തിന് മുന്നിൽ തുല്യത വേണമെന്നാണ് ഹരജിയിലെ ആവശ്യം. 'ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി, സ്പെഷൽ വിവാഹ നിയമങ്ങളിലെല്ലാം വിവാഹപ്രായത്തിൽ കൃത്യതയുണ്ട്. മുസ്ലിം വ്യക്തിനിയമത്തിൽ കൃത്യതയില്ല. മുസ്ലിം വ്യക്തിനിയമം ക്രോഡീകരിക്കാത്തതും ഏകീകരിക്കപ്പെടാത്തതുമാണ്. ഋതുമതിയാകുകയോ 15 വയസ്സ് തികയുകയോ ചെയ്താൽ വിവാഹിതരാകാം എന്നത് ഏകപക്ഷീയവും വിവേചനപരവും യുക്തിരഹിതവുമാണ്. കുട്ടികളുടെ സംരക്ഷണത്തിനുള്ള 2012ലെ പോക്സോ നിയമത്തിനും എതിരാണ്' വനിത കമീഷൻ വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.