'ഏകപക്ഷീയ നീക്കം'- ചൈനയുടെ പുതിയ അതിർത്തി നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ചൈനയുടെ പുതിയ അതിർത്തി നിയമത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. അതിർത്തി സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ചൈന അടുത്തിടെ അതിർത്തി പ്രദേശങ്ങളുടെ സംരക്ഷണവും ചൂഷണവും സംബന്ധിച്ച പുതിയ നിയമം പാസാക്കിയത്.
'ഏകപക്ഷീയമായ നീക്കം' എന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ സാഹചര്യങ്ങൾ ഏകപക്ഷീയമായി മാറ്റാൻ ഈ നിയമത്തിലൂടെ സാധിക്കുമെന്നും ഇതിന്റെ മറവിൽ അതിർത്തിയിൽ ചൈന എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിർത്തിയും അതിർത്തിയിലെ പരമാധികാരവും സംരക്ഷിക്കുന്നതിനും ഇവക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് ചൈന ശനിയാഴ്ച പുതിയ നിയമം പാസാക്കിയത്. അതിർത്തിയിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് പിന്തുണ നൽകുന്നതുമാണ് നിയമം.
അതിർത്തി പ്രദേശങ്ങളിലെ പൊതുസേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതത്തെയും ജോലിയെയും പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് നിയമത്തിൽ പറയുന്നുണ്ടെന്ന് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നു.
അതിർത്തി പരിപാലനത്തിലും അതിർത്തി പ്രശ്നത്തിലും നിലവിലുള്ള ഉഭയകക്ഷി ക്രമീകരണങ്ങളിൽ സ്വാധീനം ചെലുത്തുന്ന ഒരു നിയമനിർമ്മാണം കൊണ്ടുവരാനുള്ള ചൈനയുടെ ഏകപക്ഷീയമായ തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.