രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണമായി സ്വീകരിക്കാവുന്നത് 2,000 രൂപ മാത്രം
text_fieldsന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് പിരിവിനും പിടിവീഴുന്നു. പാര്‍ട്ടികള്‍ക്ക് പണമായി സ്വീകരിക്കാവുന്ന സംഭാവനയുടെ പരിധി 2,000 രൂപയായി വെട്ടിച്ചുരുക്കി. നിലവില്‍ 20,000 രൂപയായിരുന്നു പരിധി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിലേക്ക് 2,000 രൂപക്കു മുകളില്‍ സംഭാവന നല്‍കുന്നവര്‍ ഇനി ഡിജിറ്റലായി അല്ളെങ്കില്‍ ചെക്ക്, ഡ്രാഫ്റ്റ് മുഖേന നല്‍കണം. ഇവക്കു പുറമെ, പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവര്‍ക്കുവേണ്ടി പ്രത്യേകം ഇലക്ടറല്‍ ബോണ്ട് പുറത്തിറക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കുന്ന തുകക്കുള്ള ഇലക്ടറല്‍ ബോണ്ട് ബാങ്കുകളില്‍നിന്ന് വാങ്ങാം. ഇവ ബന്ധപ്പെട്ട പാര്‍ട്ടിയുടെ അക്കൗണ്ട് വഴി മാത്രമേ മാറിയെടുക്കാനാകൂ. ബോണ്ടിന് നിശ്ചിത കാലാവധിയുമുണ്ടാകും. എല്ലാ പാര്‍ട്ടികളും നിശ്ചിത സമയപരിധിയില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും ധനമന്ത്രി തുടര്‍ന്നു. പണമായി സ്വീകരിക്കാവുന്ന സംഭാവനക്ക് 20,000 എന്ന പരിധി വെച്ചത് ഏതാനും വര്‍ഷംമുമ്പാണ്. പാര്‍ട്ടികളുടെ ഫണ്ട് പിരിവ് സുതാര്യമാക്കുന്നതില്‍ അത് വേണ്ടത്ര ഫലംചെയ്തില്ളെന്നും അതിനാലാണ് പരിധി വെട്ടിക്കുറക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
പാര്‍ട്ടികളുടെ ഫണ്ട് പിരിവിന്മേലുള്ള നിയന്ത്രണം ഭരണകക്ഷിയായ ബി.ജെ.പി ഉള്‍പ്പെടെയുള്ളവരെ വെട്ടിലാക്കും. എന്നാല്‍, പ്രതിപക്ഷമടക്കം ഡസ്കില്‍ അടിച്ചാണ് ധനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്തത്. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കുന്ന കണക്കില്‍ അവര്‍ക്ക് ലഭിക്കുന്ന സംഭാവനകളില്‍ ഏറെയും 20,000 രൂപയില്‍ കുറഞ്ഞ തുകയായാണ് രേഖപ്പെടുത്തുക. ഏതെങ്കിലും കേന്ദ്രത്തില്‍നിന്ന് വലിയ തുക കൈപ്പറ്റുകയും അത് കണക്കില്‍ ചെറിയ തുകകളായി കാണിക്കുകയും ചെയ്യുന്ന പതിവ് ഏറക്കുറെ എല്ലാ പാര്‍ട്ടികളും സ്വീകരിച്ചുപോരുന്ന തന്ത്രമാണ്.
20,000 രൂപയില്‍ കൂടുതല്‍ നല്‍കുന്നവരുടെ പേരും വിലാസവും പാന്‍ നമ്പറും രേഖപ്പെടുത്തണമെന്ന നിബന്ധന മറികടക്കാനാണിത്. 2,000 രൂപക്കു മുകളിലുള്ള തുക പണമായി സ്വീകരിക്കാനാകില്ളെന്ന് വരുമ്പോള്‍ സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ മറച്ചുവെക്കാന്‍ പാര്‍ട്ടികളുടെ ഫണ്ട് മാനേജര്‍മാര്‍ പ്രയാസപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.