കേന്ദ്ര ബജറ്റ് ഇന്ന് 11ന്; ആരോഗ്യ മേഖലക്ക് ഊന്നൽ
text_fieldsന്യൂഡൽഹി: കോവിഡ് ഇരുൾവീഴ്ത്തിയ മേഖലകൾ ഒന്നൊഴിയാതെ പ്രതീക്ഷാപൂർവം കാത്തിരിക്കുന്ന നിർണായകമായ കേന്ദ്ര ബജറ്റ് തിങ്കളാഴ്ച. ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11ന് പുതിയ സാമ്പത്തികവർഷത്തേക്കുള്ള ബജറ്റ് പാർലമെൻറിൽ അവതരിപ്പിക്കും.
കോവിഡ്കാല പ്രതിസന്ധികൾക്കിടയിൽ ആരോഗ്യമേഖലക്ക് കൂടിയ വിഹിതം നീക്കിവെക്കുന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ആരോഗ്യത്തിനു പുറമെ അടിസ്ഥാനസൗകര്യ വികസനം, തൊഴിലവസരങ്ങൾ, പ്രതിരോധം എന്നിവക്കാണ് ഊന്നൽ. വൈദ്യുതിവിതരണ ശൃംഖലയിൽ അടക്കം പുതിയ മാറ്റങ്ങൾ കൊണ്ടുവരും.
പതിറ്റാണ്ടുകൾക്കിടയിൽ കാണാത്ത വലിയ സാമ്പത്തിക തകർച്ച രാജ്യം നേരിടുന്ന ഘട്ടത്തിലാണ് മോദിസർക്കാറിെൻറ ഒമ്പതാമത്തെ ബജറ്റ് പാർലമെൻറിൽ വെക്കുന്നത്. തകർന്ന മേഖലകളെ പുനരുദ്ധരിക്കുന്നതിനും ദുർബല വിഭാഗങ്ങൾക്കും സംരംഭങ്ങൾക്കും കൈത്താങ്ങ് നൽകുന്നതിനുമുള്ള സർക്കാർ നിർദേശങ്ങളിലേക്കാണ് ജനം ഉറ്റുനോക്കുന്നത്.
അതേസമയം, വിഭവസമാഹരണം വർധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്ന സർക്കാർ, അതിനുള്ള വഴിയായി പുതിയ പരിഷ്കരണ നിർദേശങ്ങൾ മുന്നോട്ടുവെക്കുമെന്നാണ് സൂചന.
2.10 ലക്ഷം കോടി രൂപ ഓഹരിവിൽപനയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിട്ട സർക്കാറിന് 19,499 കോടി രൂപ മാത്രമാണ് കിട്ടിയതെന്നിരിക്കെ, വിൽപന എളുപ്പമാക്കാനുള്ള നിർദേശങ്ങൾ ഉണ്ടാകും. പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം പിരിക്കാൻ സ്വകാര്യ മേഖലയിൽ 'ബാഡ് ബാങ്ക്' രൂപവത്കരിക്കണമെന്ന നിർദേശം ബജറ്റ് പരിഗണിച്ചേക്കും.
പ്രതിസന്ധികാലത്തെ സാമ്പത്തിക വാക്സിൻ എന്ന നിലയിലാണ് ഇക്കുറി ബജറ്റിെൻറ പ്രാധാന്യം. പതിവു ബജറ്റുകളിൽനിന്ന് ഭിന്നമായിരിക്കും ഇത്തവണ ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരേത്ത വ്യക്തമാക്കിയിരുന്നു. നടപടികൾക്ക് വ്യവസായലോകത്തിെൻറയും സാധാരണക്കാരുടെയും വിശ്വാസം നേടുകയെന്ന വെല്ലുവിളിയാണ് സർക്കാറിനു മുന്നിലുള്ളത്.
ആദ്യപാദ ബജറ്റ് സമ്മേളനം നേരേത്ത പിരിയും
പാർലമെൻറ് ബജറ്റ് സമ്മേളനത്തിെൻറ ആദ്യപാദം നിശ്ചയിച്ചതിനേക്കാൾ രണ്ടു ദിവസം നേരേത്ത പിരിഞ്ഞേക്കും. ഈ മാസം 15 വരെയാണ് ആദ്യഘട്ട സമ്മേളനം നിശ്ചയിച്ചിരുന്നത്.
എന്നാൽ, ഇത് 13 വരെയാക്കാനാണ് ചർച്ചകൾ നടക്കുന്നത്. രണ്ടാം പാദം മാർച്ച് എട്ടു മുതൽ ഏപ്രിൽ എട്ടു വരെയാണ്. രാജ്യസഭാധ്യക്ഷൻ വിളിച്ച സർവകക്ഷി യോഗത്തിലാണ് തീയതിമാറ്റത്തെക്കുറിച്ച സൂചന.
പലിശ നിരക്കുകളിൽ മാറ്റമില്ലെന്ന് സൂചന
മുംബൈ: റിസർവ് ബാങ്കിെൻറ അടുത്ത ധനനയ സമിതി യോഗത്തിൽ അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്ന് സൂചന. തിങ്കളാഴ്ചയിലെ കേന്ദ്ര ബജറ്റിനുശേഷം നാലുദിവസം കഴിഞ്ഞാണ് ആർ.ബി.ഐ സമിതിയുടെ പ്രഖ്യാപനങ്ങളുണ്ടാവുക.
ആറംഗ സമിതി മൂന്നാം തീയതി മുതൽ യോഗം ചേരും. നിലവിലെ റിപോ നിരക്ക് നാലു ശതമാനമാണ്. കഴിഞ്ഞ വർഷം മേയ് 22നാണ് ഇതിനുമുമ്പ് ആർ.ബി.ഐ പലിശ നിരക്കുകളിൽ മാറ്റംവരുത്തിയത്. കോവിഡിെൻറ സാഹചര്യത്തിൽ വിപണിയിലെ ഡിമാൻഡ് പിടിച്ചുനിർത്താൻ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് അന്ന് പലിശ കുറച്ചത്.
ബജറ്റ് രേഖകൾ സ്ക്രീനിൽ മാത്രം
ന്യൂഡൽഹി: ഇത്തവണ ബജറ്റ് രേഖകൾ കടലാസിൽ ലഭ്യമല്ല; സ്ക്രീനിൽ മാത്രം. കോവിഡ്കാല സാമൂഹിക ജാഗ്രതകളുടെ ഭാഗമായി ബജറ്റുമായി ബന്ധപ്പെട്ടതൊന്നും അച്ചടിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു.
പകരം ഇ- ബജറ്റായാണ് ലഭ്യമാക്കുന്നത്. എം.പിമാർ അടക്കം ബജറ്റ് ഇൻറർനെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണം. കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും ഇങ്ങനെ ഡൗൺലോഡ് ചെയ്യാവുന്ന ക്രമീകരണം കാലത്തിനൊത്ത മാറ്റമാണെന്ന് സർക്കാർ പറയുന്നു.
സൂക്ഷ്മവിവരങ്ങൾ പരതാൻ പ്രായംചെന്നവർ അടക്കം ഇങ്ങനെ 'ഇ'ലോകത്ത് എത്തണം. കഴിഞ്ഞ വർഷം വരെ അവതരണം കഴിഞ്ഞാലുടൻ അച്ചടിച്ച ബജറ്റ് രേഖകൾ എം.പിമാർക്ക് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.