ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല
text_fieldsന്യൂഡൽഹി: വ്യക്തിഗത ആദായനികുതി ഘടനയിൽ വ്യാപക മാറ്റങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി. 2020-21ലെ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ആദായനികുതി സംവിധാനം പരിഷ്കരിച്ച് കൂടുതൽ നികുതിദായകരെ ഇതിലേക്ക് ആകർഷിക്കും വിധമാണ് മാറ്റങ്ങൾ. പുതിയ നികുതി വ്യവസ്ഥ സ്വീകരിക്കുന്നവർക്ക് ഏഴു ലക്ഷം രൂപ വരെ പൂർണമായും ആദായ നികുതി ഒഴിവാക്കി. നിലവിൽ ഇത് അഞ്ചു ലക്ഷമായിരുന്നു. മൊത്തം നികുതി സ്ലാബുകളുടെ എണ്ണം ആറിൽനിന്ന് അഞ്ചാക്കി. ഉയർന്ന വരുമാനമുള്ളവർക്ക് കൂടുതൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പഴയ നികുതി വ്യവസ്ഥ സ്വീകരിക്കുന്നവർക്ക് ഇളവില്ല.
പരിഷ്കരിച്ച പുതിയ സംവിധാനത്തിൽ മൂന്നു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല. ബാക്കിയാകുന്ന വരുമാനത്തിന് നേരത്തേ ആറ് സ്ലാബിലായിരുന്നു നികുതി. ഇത് പുതിയ ബജറ്റിൽ അഞ്ചു സ്ലാബായി കുറച്ചു. മൂന്നു മുതൽ ആറു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അഞ്ചു ശതമാനവും ആറു മുതൽ ഒമ്പതു ലക്ഷം വരെ 10 ശതമാനവും, 9-12 ലക്ഷം വരുമാനമുള്ളവർക്ക് 15 ശതമാനവുമാണ് നികുതിനിരക്ക്. 12-15 ലക്ഷക്കാർക്ക് 20 ശതമാനവും 15 ലക്ഷത്തിനു മുകളിൽ 30 ശതമാനവുമായിരിക്കും പുതിയ സ്ലാബിലെ നികുതിനിരക്ക്. അതായത്, വരുമാനം ഏഴു ലക്ഷം കടന്നാൽ മൂന്നു ലക്ഷം മുതലുള്ള നിരക്കിൽ നികുതി നൽകണം. ഇതു പ്രകാരം 15 ലക്ഷം രൂപ നികുതി ബാധ്യതയുള്ള വരുമാനമുള്ളയാൾ നികുതിയായി നൽകേണ്ടി വരിക ഒന്നര ലക്ഷം രൂപയാണ്. പഴയ സംവിധാനത്തിൽ 15 ലക്ഷം രൂപ നികുതി ബാധ്യതയുള്ള വരുമാനമുള്ളയാൾ 2.10 ലക്ഷം നികുതി അടയ്ക്കേണ്ടിവരും.
അതേസമയം നികുതി ബാധ്യതയുള്ള വാർഷിക വരുമാനം ഒമ്പതു ലക്ഷമുള്ള ഒരാൾക്ക് പഴയ സ്കീമിൽ 40,000 രൂപയാണ് ആദായ നികുതി. നിലവിൽ പുതിയ നികുതി സംവിധാനത്തിൽ നികുതി 60,000 രൂപയാണ്. പരിഷ്കരിച്ചതോടെ ഇത് 45000 രൂപയാകും. 15000 രൂപയാണ് ഇതു വഴി ഈ വിഭാഗത്തിൽപെടുന്ന നികുതിദായകർക്ക് ലഭിക്കുന്ന നേട്ടം. വളരെ ഉയർന്ന വരുമാനക്കാർക്ക് (വാർഷിക വരുമാനം രണ്ട് കോടിക്ക് മുകളിലുള്ളവർ) ബജറ്റിൽ കാര്യമായ നികുതി ഇളവ് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽ ആദായനികുതിക്ക് നൽകേണ്ട സർചാർജ് 37 ശതമാനത്തിൽനിന്ന് 25 ശതമാനമായി കുറച്ചു. ഇതോടെ ഇവരുടെ നികുതി ബാധ്യത വരുമാനത്തിന്റെ 42.74ശതമാനത്തിൽനിന്ന് 39 ശതമാനമായി കുറയും. പുതിയ നികുതിഘടനയിൽ ഏഴു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 33,800 രൂപ നികുതി ഇനത്തിൽ ലാഭിക്കാം. 10 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 23,400 രൂപയും 15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 49,400 രൂപയും നികുതി ഇനത്തിൽ ലാഭിക്കാം.
സർക്കാർ ഇതര മേഖലകളിലുള്ളവർ വിരമിക്കുമ്പോൾ ലഭിക്കുന്ന ലീവ് എൻകാഷ്മെന്റിന്റെ നികുതി ഇളവ് പരിധി 25 ലക്ഷമാക്കി ഉയർത്തിയിട്ടുമുണ്ട്. നിലവിൽ മൂന്നു ലക്ഷമായിരുന്നു.
പുതിയ നികുതി വ്യവസ്ഥയും പഴയതും
2020-21 ബജറ്റിലാണ് ആദായ നികുതി അടക്കുന്നവർക്കുവേണ്ടി രണ്ടു വ്യവസ്ഥകൾ സർക്കാർ പ്രഖ്യാപിച്ചത്. വീട്ടുവാടക, ഭവനവായ്പയുടെ പലിശ, മക്കളുടെ ട്യൂഷൻ ഫീ, നിക്ഷേപം തുടങ്ങി നികുതി ഇളവുകൾ ലഭിക്കുന്നവ ഒഴിവാക്കി അഞ്ചു ലക്ഷം വരെ റിബേറ്റ് പ്രഖ്യാപിച്ചാണ് അന്ന് പുതിയ നികുതി വ്യവസ്ഥ പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോൾ ഏഴു ലക്ഷമാക്കി മാറ്റിയത്. പഴയ നികുതി വ്യവസ്ഥ പിന്തുടരുന്നവർക്ക് ഈ രേഖകൾ ഹാജരാക്കി ഈ ഇളവുകളെല്ലാം നേടാം. ഏത് തെരഞ്ഞെടുക്കണമെന്ന് നികുതിദായകർക്ക് തീരുമാനിക്കാം. എന്നാൽ, പുതിയ സംവിധാനത്തിലേക്ക് മാറിയാൽ പിന്നെ പഴയതിലേക്ക് മാറ്റം സാധ്യമല്ല.
Live Updates
- 1 Feb 2023 10:35 AM IST
ബജറ്റിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാൻ ധനമന്ത്രി രാഷ്ട്രപതിഭവനിലെത്തിയപ്പോൾ
- 1 Feb 2023 10:30 AM IST
ധനമന്ത്രി പാർലമെന്റിലെത്തി
ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. ബജറ്റ് അംഗീകാരത്തിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭ യോഗം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.