മൂന്നാം മോദി സർക്കാറിന്റെ രണ്ടാമത്തെ ബജറ്റ് ഇന്ന്
text_fieldsന്യൂഡൽഹി: കേന്ദ്ര ബജറ്റ് ശനിയാഴ്ച ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. മൂന്നാം മോദി സർക്കാറിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണിത്. രണ്ടു ഘട്ടമായാണ് ബജറ്റ് സമ്മേളനം നടക്കുന്നത്.
സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അംഗീകരിച്ച വഖഫ് ഭേദഗതി ബിൽ , ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ എന്നിവ ബജറ്റ് സമ്മേളനത്തിൽ ചർച്ചചെയ്യുമെന്നാണ് കരുതുന്നത്.
നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഇടം നൽകുന്ന കേന്ദ്ര ബജറ്റാണ് ജനം കാത്തിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം.
രാഷ്ട്രപതി പ്രസംഗത്തിൽ എട്ട് തവണയാണ് മധ്യവർഗം എന്ന വാക്ക് ആവർത്തിച്ചത്. സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ ഇടത്തരക്കാർക്ക് ഐശ്വര്യമുണ്ടാകട്ടെയെന്ന ആശംസയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നേർന്നത്.
എന്തെല്ലാമാണു ബജറ്റില്‍ കാത്തുവച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിലാണു രാജ്യം. ആദായനികുതിയില്‍ മാറ്റമുണ്ടാകുമോ എന്നാണ് ഇടത്തരം വരുമാനക്കാര്‍ ഉറ്റുനോക്കുന്നത്. ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കു സാധ്യത കുറവാണെന്നാണു നിഗമനം. കേരളം 24000 കോടി രൂപയുടെ പ്രത്യേക പാക്കേജും വയനാടിനു മാത്രമായി 2000 കോടി രൂപയും ചോദിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിനു തുടങ്ങുന്ന അടുത്ത സാമ്പത്തികവർഷം (2025–26) ഇന്ത്യയുടെ സാമ്പത്തികവളർച്ച 6.3– 6.8% ആയിരിക്കുമെന്നാണു കേന്ദ്രസർക്കാരിന്റെ സാമ്പത്തികസർവേ റിപ്പോർട്ട്. ഇതോടെ തുടർച്ചയായ രണ്ടാം വർഷവും ഏഴ് ശതമാനത്തിന് താഴെയായിരിക്കും രാജ്യത്തിന്റെ വളർച്ചയെന്ന് ഏറക്കുറെ വ്യക്തമായി.
കേരളം വലിയതോതിലുള്ള സാമ്പത്തിക സഹായമാണ് കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. പൊതുവെ കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്രബജറ്റ് കേരളത്തിന് നിർണായകമാണ്. പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.