കാർഷിക മേഖലക്ക് 10 ലക്ഷം കോടി; 100% ഗ്രാമീണ വൈദ്യുതീകരണം
text_fieldsന്യൂഡൽഹി: 2017ലെ കേന്ദ്ര ബജറ്റ് ഊന്നൽ നൽകിയത് കാർഷിക-ഗ്രാമീണ മേഖലകൾക്ക്. 10 ലക്ഷം കോടി രൂപയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി കാർഷിക മേഖലക്ക് ബജറ്റിൽ വകയിരുത്തിയത്. ഗ്രാമീണ മേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ ഉയർത്തുന്നതിനും ദാരിദ്ര്യ നിർമാർജനത്തിനുമാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. കൃഷിയിൽ ഈ വർഷം 4.1 ശതമാനത്തിൻെറ വളർച്ച പ്രതീക്ഷിക്കുന്നതായി ജെയ്റ്റ്ലി പറഞ്ഞു.
രാജ്യത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥക്ക് നവോന്മേഷം നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി. ചെറുകിട ജലസേചന പദ്ധതികൾക്ക് 5000 കോടിയാണ് സർക്കാർ പ്രഖ്യാപിച്ചത്. 40 ശതമാനം കൃഷിഭൂമിയെ വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപെടുത്തിയും പ്രഖ്യാപനമുണ്ടായി. ക്ഷീരമേഖലക്ക് 8,000 കോടി നബാർഡ് വഴി വിതരണം ചെയ്യും. പ്രധാൻമന്ത്രി ആവാസ് യോജനയുടെ സബ്സിഡിയുള്ള വായ്പ കാലാവധി വിപുലീകരണത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. രാജ്യത്ത് കാർഷിക ആവശ്യങ്ങൾക്ക് അഞ്ച് ലക്ഷം കുളങ്ങൾ നിർമിക്കുമെന്നും ബജറ്റിൽ പറഞ്ഞു.
2017-18 വർഷത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് 48,000 കോടി അനുവദിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളുടെ പങ്കാളിത്തം 55% വർധിപ്പിച്ചു. 2019 ഓടെ ഒരു കോടി വീടുകൾ നിർമിച്ചു നൽകുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. പ്രധാൻമന്ത്രി മുദ്ര യോജനയുടെ വായ്പക്കായി 2.44 ലക്ഷം കോടിയും അനുവദിച്ചിട്ടുണ്ട്. 2018 മെയ് ഒന്നിനകം രാജ്യത്ത് 100% ഗ്രാമീണ വൈദ്യുതീകരണം നടപ്പാക്കും. ഇതിൻെറ ഭാഗമായി ചണ്ഡീഗഡിലും ഹരിയാനയിലെ എട്ട് ജില്ലകളെയും മണ്ണെണ്ണരഹിതമാക്കി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.