'കർഷകരെ അവഗണിച്ചു, പണപ്പെരുപ്പം കുറക്കാൻ പദ്ധതികളില്ല'; ബജറ്റിനെതിരെ സചിൻ പൈലറ്റ്
text_fieldsജയ്പൂർ: കേന്ദ്ര ബജറ്റ് രാജ്യത്തെ കർഷകരെ അവഗണിച്ചെന്ന് രാജസ്ഥാൻ മുൻ ഉപ മുഖ്യമന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സചിൻ പൈലറ്റ്. ബജറ്റിൽ പല സംസ്ഥാനങ്ങളുടെയും പദ്ധതികൾ പരാമർശിച്ചെങ്കിലും രാജസ്ഥാന്‍റെ ഇ.ആർ.സി.പി, യമുന ലിങ്ക് പദ്ധതികൾക്കായുള്ള ഒരു പ്രഖ്യാപനവും നടത്താത്തത് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് സചിൻ പൈലറ്റ് പറഞ്ഞു.
ബജറ്റിനെ തൊഴിലധിഷ്ഠിതമായി ചിത്രീകരിക്കാനാണ് ധനമന്ത്രി ശ്രമിച്ചതെന്നും ഇത് തൊഴിലില്ലായ്മ അതിന്‍റെ പാരമ്യത്തിലെത്തിയെന്ന് ബി.ജെ.പി സർക്കാർ അംഗീകരിച്ചെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം മൂലം ഇടത്തരക്കാരിലും അതിന് താഴെ ഉള്ളവരിലും ഉപഭോഗം വർധിക്കാത്തതിനാൽ ബജറ്റിൽ കാണിച്ചിരിക്കുന്ന നടപടികൾ തൊഴിലില്ലായ്മ കുറക്കില്ലെന്നും സചിൻ പൈലറ്റ് പറഞ്ഞു.
കേന്ദ്രസർക്കാറിനു കീഴിലുള്ള 10 ലക്ഷത്തോളം ഒഴിവുകൾ നികത്താത്ത വിഷയത്തിൽ ധനമന്ത്രി മൗനം പാലിച്ചെന്നും ഇത് തൊഴിലില്ലാത്തവരെ സ്വകാര്യ മേഖലയിലേക്ക് തള്ളിവിടുക മാത്രമാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ല എന്നത് മനസ്സിലാക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ഇന്‍റേൺഷിപ്പ് പദ്ധതിയും അപ്രന്‍റിസ്‌ഷിപ്പ് പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയതിലൂടെ കോൺഗ്രസിന്‍റെ നയങ്ങൾ എന്നും രാജ്യതാൽപ്പര്യത്തിന് നിരക്കുന്നതാണെന്ന് ബി.ജെ.പി സർക്കാർ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ബജറ്റിൽ പണപ്പെരുപ്പം കുറക്കുന്നതോ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോ ആയ പദ്ധതികൾ ഇല്ല. രാജസ്ഥാന് പ്രത്യേക പദ്ധതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.