കാര്യമായി ഒന്നും കിട്ടാതെ കേരളം
text_fieldsതിരുവനന്തപുരം: കേരളത്തിന് കേന്ദ്ര ബജറ്റില്‍ കാര്യമായി ഒന്നും കിട്ടിയില്ല. ഇക്കുറിയെങ്കിലും എയിംസ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനം. മറ്റ് രണ്ട് സംസ്ഥാനങ്ങള്‍ എയിംസ് കൊണ്ടുപോയപ്പോള്‍ കേരളത്തെ പരിഗണിച്ചില്ല.
എയിംസിനായി തിരുവനന്തപുരം അടക്കം നാലോളം സ്ഥലങ്ങള്‍ സംസ്ഥാനം നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രത്തില്‍ നിന്ന് വന്ന കത്തും പ്രതീക്ഷ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, തീരുമാനം ഉണ്ടായില്ല.
ആദായനികുതിനിരക്കുകളില്‍ അഞ്ച് ലക്ഷം രൂപവരെയുള്ളവര്‍ക്ക് കുറവ് വരുത്തിയത് ശമ്പളവരുമാനക്കാര്‍ക്ക് ആശ്വാസം പകരും. സര്‍ക്കാര്‍ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇത് ഗുണകരമാകും. ആദായനികുതിയുടെ പരിധി ഉയര്‍ത്തുമെന്ന പ്രതീക്ഷ പൊതുവെ ഉണ്ടായിരുന്നെങ്കിലും മാറ്റം വന്നില്ല. സ്റ്റാര്‍ട്ടപ്പിന് ഏഴ് വര്‍ഷത്തേക്ക് നികുതിയിളവ് പ്രതീക്ഷ, ഈരംഗത്ത് മുന്നില്‍ നടക്കുന്ന സംസ്ഥാനം എന്ന നിലയില്‍ ഗുണകരമാകും.
കര്‍ഷകരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാകുമെന്ന പ്രഖ്യാപനം പ്രതീക്ഷജനകമെങ്കിലും വരള്‍ച്ചയുടെ സാഹചര്യത്തില്‍ കേരളത്തിന് നേട്ടമുണ്ടാക്കുക പ്രയാസമാകും. വടക്കേ ഇന്ത്യയില്‍ നല്ല മഴ ലഭിച്ചെങ്കിലും കേരളത്തില്‍ വളരെ ദുര്‍ബലമായിരുന്നു. അതുകൊണ്ട് മോശം വിളവായിരിക്കും ഇക്കുറി കേരളത്തില്‍. കര്‍ഷകവരുമാനം കുറയാനാണ് സാധ്യത. റബര്‍ അടക്കം തോട്ടവിളകള്‍ വിലയിടിവ് നേരിടുകയാണ്. പ്രവേശനപരീക്ഷ ഏകീകൃതമാക്കുമെന്ന പ്രഖ്യാപനത്തില്‍ ഏതൊക്കെ പരീക്ഷകളാണെന്ന് വ്യക്തമായിട്ടില്ല. ഹെഡ് പോസ്റ്റ്ഓഫിസുകളില്‍ പാസ്പോര്‍ട്ട് അപേക്ഷക്ക് സംവിധാനം ഒരുക്കുന്നത് വിദേശജോലിയെ ഏറെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് ഗുണകരമാകും. കാര്‍ഷിക നഷ്ടപരിഹാര വര്‍ധനയും ആശ്വാസകരമാണ്.
അഞ്ച് പ്രത്യേക വിനോദസഞ്ചാരമേഖലകള്‍ പ്രഖ്യാപിച്ചതില്‍ കേരളം വരുമെന്ന പ്രതീക്ഷ ഈ രംഗത്തുള്ളവര്‍ പുലര്‍ത്തുന്നു.
തൊഴിലുറപ്പ്പദ്ധതിവിഹിതം വര്‍ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്‍െറ സുപ്രധാനആവശ്യം കേന്ദ്രം പരിഗണിച്ചില്ല. നോട്ട് പ്രതിസന്ധി നേരിടാന്‍ നടപടികള്‍, സഹകരണമേഖലയെ രക്ഷിക്കാനുള്ള നടപടികള്‍, വാണിജ്യബാങ്കുകള്‍ക്ക് തുല്യമായി സഹകരണമേഖലയെ പരിഗണിക്കല്‍, വായ്പപരിധി ഉയര്‍ത്തല്‍, റബര്‍മേഖലക്ക് സഹായപദ്ധതി, കേന്ദ്രസഹായപദ്ധതികള്‍ക്ക് യഥാസമയം പണം നല്‍കല്‍, സംസ്ഥാനത്തെ ഫാക്ട് അടക്കം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഹിതം വര്‍ധിപ്പിക്കല്‍ എന്നീ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.