Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രസംഗത്തില്‍...

പ്രസംഗത്തില്‍ ധാരാളിത്തം; പ്രതിസന്ധിയോട് ഉദാസീനം

text_fields
bookmark_border
പ്രസംഗത്തില്‍ ധാരാളിത്തം; പ്രതിസന്ധിയോട് ഉദാസീനം
cancel

ന്യൂഡല്‍ഹി: പണഞെരുക്കത്തിനും മാന്ദ്യത്തിനും മറുമരുന്ന് തേടുന്ന ജനങ്ങള്‍ക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാഗ്ദാനം ചെയ്യുന്നത് കാര്‍ഡ് ജീവിതം. വായ്പയെടുക്കാനും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥക്കും ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കും പുതിയ വാതായനങ്ങള്‍ തുറക്കുന്ന കേന്ദ്രബജറ്റില്‍ അടിസ്ഥാന വിഷയങ്ങള്‍ക്ക് ഉത്തരമില്ല. കേരളത്തിന് നിരാശ ബാക്കി. 
വലിയ ധാര്‍മികലക്ഷ്യമെന്ന പേരില്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ജനം പിന്തുണക്കുമെന്ന വിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് സര്‍ക്കാര്‍ ബജറ്റ് കെട്ടിപ്പടുത്തത്. ഡിജിറ്റല്‍ പണമിടപാടിന്‍െറ പുതിയരീതികള്‍ പ്രഖ്യാപിച്ചതും അതിന്‍െറ അടിസ്ഥാനത്തില്‍തന്നെ. കഴിഞ്ഞ മൂന്നു ബജറ്റുകളിലെ പ്രവണതതന്നെ ഇത്തവണയും തുടരുന്നു. ക്ഷേമപദ്ധതികളെക്കുറിച്ച ധാരാളിത്തം നിറഞ്ഞ പ്രസ്താവനകളാണ് അതില്‍ പ്രധാനം. പദ്ധതികള്‍ക്ക് വേണ്ടത്ര വിഹിതമില്ല.

റെയില്‍വേ ബജറ്റു കൂടി ഉള്‍ച്ചേര്‍ത്ത പൊതുബജറ്റില്‍, റെയില്‍വേയുടെ ദിശാസൂചി നാലു ചെറിയ ഖണ്ഡികയില്‍ ഒതുങ്ങിനില്‍ക്കുന്നു. മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 6.5 ശതമാനമായി ഇടിയുമെന്ന് കഴിഞ്ഞദിവസം പുറത്തിറക്കിയ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ആ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. 

പ്രതിസന്ധി നേരിടുന്ന സമ്പദ്വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതില്‍ ഉദാസീനമായ സമീപനമാണ് ബജറ്റ് പ്രകടിപ്പിക്കുന്നത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വലിയതോതിലുള്ള ആശ്വാസ ധനസഹായ പദ്ധതികള്‍ പ്രതീക്ഷിച്ചെങ്കിലും അതത്രയും അസ്ഥാനത്തായി. നിലവിലെ പദ്ധതികള്‍ക്കുപോലും അര്‍ഹതപ്പെട്ട വിഹിതം ഇല്ല. പുതിയ സംരംഭങ്ങളോ പദ്ധതികളോ വിഭാവനം ചെയ്തിട്ടില്ല. കാര്‍ഷിക, ചെറുകിട വ്യവസായമേഖലകളിലും ആശ്വാസനടപടികളൊന്നുമില്ല. ആദായനികുതിയിളവ് പരിധി രണ്ടരലക്ഷമായി നിലനിര്‍ത്തി. രണ്ടര മുതല്‍ അഞ്ചു ലക്ഷം വരെയുള്ള വരുമാനക്കാരുടെ നികുതി 10ല്‍നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചതാണ് ഇടത്തരക്കാര്‍ക്ക് ആശ്വാസം പകരുന്ന ഒരു നിര്‍ദേശം. 

10 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പകളാണ് അടുത്ത ധനവര്‍ഷത്തെ ലക്ഷ്യം. കടക്കെണിയില്‍നിന്ന് തലയൂരാന്‍ വഴിതേടുന്ന കര്‍ഷകന്‍ തേടുന്നത് ഇളവുകളാണെങ്കില്‍, ധനമന്ത്രി വെച്ചുനീട്ടുന്നത് പുതിയ ഭാരമാണ്. ഇതാകട്ടെ, നോട്ട് റേഷന്‍ വഴി ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന നിക്ഷേപത്തുക മുന്നില്‍ക്കണ്ടാണ്. റെയില്‍വേ വികസനത്തിന്‍െറ ചിറകൊടിക്കുന്നതാണ് ബജറ്റ്. പ്രത്യേക ബജറ്റിലൂടെ റെയില്‍വേയുടെ പൊതുസ്ഥിതി സംബന്ധിച്ച് പാര്‍ലമെന്‍റും പൊതുസമൂഹവും സൂക്ഷ്മായി വിലയിരുത്തുന്ന കീഴ്വഴക്കം ഇല്ലാതായത് റെയില്‍വേയുടെ വളര്‍ച്ചയെ ബാധിക്കും. 

സാധാരണക്കാര്‍ക്ക് ഉപകരിക്കുന്ന വ്യക്തമായ നിര്‍ദേശങ്ങളൊന്നും ഇല്ളെന്ന പൊതുവിമര്‍ശമാണ് ബജറ്റ് നേരിടുന്നത്. കോര്‍പറേറ്റ് ഇളവുകള്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ സ്വകാര്യവത്കരണത്തിനാണ് ബജറ്റ് ഉന്നംവെക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ കൂടുതല്‍ ചോരുന്ന സാഹചര്യം ഉണ്ടാകുമെന്ന ഉത്കണ്ഠയാണ് ബജറ്റ് കഴിഞ്ഞപ്പോള്‍ വിവിധ തൊഴിലാളി സംഘടനകള്‍ പ്രകടിപ്പിക്കുന്നത്. 

നോട്ട് അസാധുവാക്കല്‍ സമ്പദ്സ്ഥിതിക്ക് ഗുണകരമാണെന്ന് ആവര്‍ത്തിക്കുമ്പോള്‍തന്നെ, അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബജറ്റില്‍ സര്‍ക്കാര്‍ പങ്കുവെക്കുന്നില്ല. അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് നോട്ട് അസാധുവാക്കലിന്‍െറ ദോഷം കവിഞ്ഞൊഴുകില്ളെന്നാണ് ധനമന്ത്രിയുടെ വാക്കുകള്‍. 

മൂന്നു ലക്ഷം രൂപയില്‍ കൂടുതലുള്ള രൊക്കം പണമിടപാട് വിലക്കിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നോട്ടായി വാങ്ങാവുന്ന സംഭാവനയുടെ പരിധി 20,000ല്‍ നിന്ന് 2,000 രൂപയാക്കി കുറച്ചതുവഴി രാഷ്ട്രീയപാര്‍ട്ടികളുടെ ഫണ്ടിങ് സംബന്ധിച്ച പുതിയ ചര്‍ച്ചക്ക് ലക്ഷ്യമിടുകയാണ് സര്‍ക്കാര്‍. നോട്ട് അസാധുവാക്കലിന്‍െറ കെടുതി നേരിട്ട കര്‍ഷകര്‍ക്കും അസംഘടിതമേഖല തൊഴിലാളികള്‍ക്കും ആശ്വാസമില്ല. ചില കടാശ്വാസങ്ങളെക്കുറിച്ച് പറഞ്ഞുകേട്ടതും വെറുതെ. ഓഹരി വിപണിയിലും ആഗോള നിക്ഷേപകരിലും മതിപ്പുളവാക്കാനുള്ള ശ്രമമാണ് ബജറ്റില്‍ നിഴലിക്കുന്നത്. 

2019 ആകുമ്പോഴേക്ക് ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മുക്തമാക്കുമെന്നാണ് വാഗ്ദാനം. എന്നാല്‍, ഇതിനുള്ള കര്‍മപദ്ധതികള്‍ ബജറ്റ് മുന്നോട്ടുവെക്കുന്നില്ല. അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് 21.46 ലക്ഷം കോടി രൂപ ചെലവിടാനാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 6.6 ശതമാനം കൂടുതലാണിത്. വരുമാനക്കമ്മി 1.9 ശതമാനമായി കുറയുമെന്നും ധനക്കമ്മി 3.2 ശതമാനമാവുമെന്നും ബജറ്റ് പ്രതീക്ഷവെക്കുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budjet
News Summary - union budjet
Next Story