മുത്തലാഖ് ബിൽ വീണ്ടും
text_fieldsന്യൂഡൽഹി: വിവാദ മുത്തലാഖ് നിരോധന ബിൽ പുതുക്കി വീണ്ടും പാർലമെൻറിൽ അവതരിപ്പിക്കാ ൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. തെരഞ്ഞെടുപ്പിനു മുമ്പ് തുടർച്ചയായ ഒാർഡിനൻസ് വഴി പ്രാബല്യം നൽകിപ്പോന്ന നിയമത്തിലെ വ്യവസ്ഥകൾ പാർലമെൻറിെൻറ ഇരുസഭയിലും പാസാക്കാനുള്ള പുതിയ ശ്രമമാണ് സർക്കാർ നടത്തുന്നത്.
വിവാഹബന്ധം മൂന്നു ത്വലാഖും ഒറ്റത്തവണ ചൊല്ലി ഉടനടി വേർപെടുത്തുന്ന മുത്തലാഖ് സമ്പ്രദായം സുപ്രീംകോടതി വിലക്കിയിരുന്നു. ഇതിനു പിന്നാലെ സർക്കാർ തയാറാക്കിയ മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ എന്ന മുത്തലാഖ് നിരോധന ബിൽ ലോക്സഭ നേരത്തേ പാസാക്കിയതാണ്. എന്നാൽ, സർക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനെത്തുടർന്നാണ് പലവട്ടം ഒാർഡിനൻസ് ഇറക്കിയത്.
പുതിയ ലോക്സഭ വന്നതിനാൽ കഴിഞ്ഞ ലോക്സഭയിൽ പാസാക്കിയ ബില്ലിന് പ്രാബല്യമില്ലാതായി. ലോക്സഭയിൽ പാസാക്കിയ ബിൽ രാജ്യസഭയിൽ എത്തിച്ചാലും ലോക്സഭയുടെ കാലാവധി പൂർത്തിയായാൽ നിലനിൽക്കില്ല. ഇൗ സാഹചര്യത്തിലാണ് പുതുക്കിയ ബിൽ കൊണ്ടുവരുന്നത്. നിയമ നിർമാണവുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. മുത്തലാഖ് ജാമ്യമില്ലാത്ത കുറ്റമാക്കുന്നതടക്കം വിവിധ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് നേരത്തേ ബില്ലിനെ പ്രതിപക്ഷം എതിർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.