മതേതര സിവിൽ കോഡ്, വഖഫ് ബിൽ: എൻ.ഡി.എയിൽ അഭിപ്രായഭിന്നത രൂക്ഷം
text_fieldsന്യൂഡൽഹി: മതേതര സിവിൽ കോഡും വഖഫ് ബില്ലുമടക്കം വിഷയങ്ങളിൽ എൻ.ഡി.എയിൽ അഭിപ്രായഭിന്നത രൂക്ഷമാവുന്നു. സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മതേതര സിവിൽ കോഡ് ആശയം മുന്നോട്ടുവെച്ചത്. എന്നാൽ, എൻ.ഡി.എയിലെ നിർണായക ഘടകകക്ഷികളായ ജനതാദൾ യുനൈറ്റഡും ടി.ഡി.പിയുമടക്കമുള്ളവർ വിഷയത്തെ കരുതലോടെയാണ് സമീപിക്കുന്നത്. തങ്ങൾ മുന്നണിയിലുണ്ടാകുമ്പോൾ ഒരു തരത്തിലുള്ള മുസ്ലിം-ന്യൂനപക്ഷ വിരുദ്ധ നീക്കവും അനുവദിക്കില്ലെന്ന് ജനതാദൾ ദേശീയ വക്താവ് കെ.സി. ത്യാഗി പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നില്ല. എന്നാൽ, വിശാലമായ കൂടിയാലോചനയും സമവായവും ഉണ്ടാക്കണമെന്നാണ് എന്നത്തെയും നിലപാടെന്ന് ഓൺലൈൻ മാധ്യമമായ ‘ദ വയറി’നോട് സംസാരിക്കവെ, ത്യാഗി വ്യക്തമാക്കി. സിവിൽ കോഡടക്കം വിഷയങ്ങളിൽ ഘടകകക്ഷികളുമായി കാര്യമായ ചർച്ച നടന്നിട്ടില്ലെന്ന് ജനതാദൾ യുനൈറ്റഡ് വർക്കിങ് പ്രസിഡന്റ് സഞ്ജയ് ഝായും പറഞ്ഞിരുന്നു.
പാർലമെൻറിൽ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചുവെങ്കിലും സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് അയക്കണമെന്ന നിലപാടായിരുന്നു ടി.ഡി.പി സ്വീകരിച്ചത്. സമാനമായ നിലപാട് ലോക് ജനശക്തി പാർട്ടിയും (എൽ.ജെ.പി) ജന സേന പാർട്ടിയും സ്വീകരിച്ചത് ബില്ലിൽ എൻ.ഡി.എക്കുള്ളിൽ തന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങളെ സംബന്ധിച്ച് അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് പിന്നാലെ, ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത് ബി.ജെ.പി നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. ഇതോടെയാണ് വിവിധ വിഷയങ്ങളിലുള്ള അഭിപ്രായ ഏകീകരണമടക്കം ലക്ഷ്യമിട്ട് എൻ.ഡി.എ യോഗം വിളിച്ചുചേർക്കാൻ നേതൃത്വം തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ വസതിയിൽ നടന്ന എൻ.ഡി.എ യോഗത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് ടി.ഡി.പി ആശങ്ക അറിയിച്ചു. സെക്യുലർ സിവിൽ കോഡെന്ന പ്രധാനമന്ത്രിയുടെ വാക്കുകളിലുള്ള അവ്യക്തത ജനതാദൾ യുനൈറ്റഡും യോഗത്തിൽ ചൂണ്ടിക്കാട്ടി. തങ്ങൾ മുസ്ലിം-ന്യൂനപക്ഷ അവകാശങ്ങളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണെന്ന് മുസ്ലിം വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. ഏകീകൃത സിവിൽ കോഡായാലും മതേതര കോഡായാലും ചർച്ച ആവശ്യമാണ്. അതിനുശേഷമേ നിലപാട് സ്വീകരിക്കാനാവൂ.
പാർട്ടി വിഷയത്തിൽ ഇതുവരെ ചർച്ച നടത്തുകയോ നിലപാടെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ടി.ഡി.പി നേതാക്കളും വ്യക്തമാക്കി. മുന്നണി ബന്ധത്തിൽ ഉലച്ചിൽ തട്ടാതെ നയപരമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുകയെന്നതു തന്നെയാണ് ഇക്കുറി മോദി ഗവൺമെൻറിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാവുകയെന്ന് സൂചിപ്പിക്കുന്നതാണ് നിലവിലെ സംഭവങ്ങൾ. വിവിധ വിഷയങ്ങളിൽ അഭിപ്രായ ഐക്യം ലക്ഷ്യമിട്ട് മാസത്തിലൊന്നുവീതം എൻ.ഡി.എ യോഗം ചേരാനുള്ള കഴിഞ്ഞ യോഗത്തിലെ തീരുമാനവും ഈ ശ്രമത്തിന്റെ ഭാഗമാണെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.