ഇന്ധന നികുതി കുറക്കണമെന്ന് കേന്ദ്ര ധനമന്ത്രി; എന്തുചെയ്യണമെന്ന് തങ്ങൾക്കറിയാമെന്ന് തമിഴ്നാട്
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങൾ നികുതി വെട്ടിച്ചുരുക്കിയാൽ പെട്രോൾ, ഡീസൽ വില കുറയുമെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തിനെതിരെ തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ. തങ്ങളേക്കാൾ മോശമായി പ്രവർത്തിക്കുന്ന സർക്കാറിന്റെ നിർദേശം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏത് സർക്കാറിനേക്കാളും മികച്ച സ്ഥിതി വിവര കണക്കുകളാണ് തങ്ങളുടെത്. റവന്യൂ കമ്മി 60,000 കോടിയിൽ നിന്ന് 40,000 കോടിയായി കുറക്കാൻ തങ്ങൾക്ക് സാധിച്ചു. സാമ്പത്തിക കമ്മി കേന്ദ്രസർക്കാറിന്റെതിനേക്കാൾ പകുതിയാണ്. പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്. ദേശീയ പണപ്പെരുപ്പം എട്ടുശതമാനമുള്ളപ്പോൾ തങ്ങളുടെത് അഞ്ചു ശതമാനം മാത്രമാണ്.
ഞങ്ങൾ ചെയ്യുന്നതിനെ കുറിച്ച് ഞങ്ങൾക്കറിയാം. എന്തുചെയ്യണമെന്നതിനെ കുറിച്ച് മറ്റുള്ളവരുടെ ഉപദേശം ആവശ്യമില്ല. ഞങ്ങളേക്കാൾ വളരെ മോശം പ്രവർത്തനം കാഴ്ചവെക്കുന്നവരുടെ നിർദേശം ഞങ്ങൾക്ക് ആവശ്യമില്ല. താത്പര്യമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവർ ഭരണഘടനക്കപ്പുറം സ്വേച്ഛാപരമായി ഞങ്ങളെ നിർബന്ധിക്കുന്നത് അംഗീകരിക്കില്ലെന്നും പളനിവേൽ ത്യാഗരാജൻ എൻ.ഡി.ടി.വിയോട് പറഞ്ഞു.
കേന്ദ്രധനകാര്യ മന്ത്രിയുടെ പരാമർശത്തിൽ എവിടെയും അഭ്യർഥിക്കുന്നു എന്ന വാക്ക് ഉണ്ടായിരുന്നില്ല. അവർ അനുശാസിക്കുകയായിരുന്നു. ഇത് ഭരണഘടന അംഗീകരിക്കുന്നതാണെന്ന് തോന്നുന്നില്ല. അനുവദനീയമായ പരിധി പൂർണമായും ഉപയോഗപ്പെടുത്തിക്കൊണ്ട് സംസ്ഥാനങ്ങൾക്ക് അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താവുന്നതാണ്.
കേന്ദ്ര സർക്കാർ പെട്രോളിനും ഡീസിലും സെസും സർചാർജും മൂന്നും പത്തും തവണയായി വർധിപ്പിച്ചപ്പോഴൊന്നും സംസ്ഥാനങ്ങളോട് ചർച്ച ചെയ്തിട്ടില്ല. സംസ്ഥാനങ്ങളുടെ വിഹിതം കൂടി കുറച്ചു. ആ സമയം അവർക്ക് കരുണയും പരിഗണനയും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഏഴ്-എട്ട് വർഷമയി മോശം നികുതി നയമാണ് കേന്ദ്രത്തിന്റെത്. അതിന്റെ പ്രശ്നങ്ങൾ തലപൊക്കുമ്പോൾ അവർ സംസ്ഥാനങ്ങളെ വ്യാജ വില്ലൻമാരാക്കുകയാണ്. ഇത് ക്രൂരവും നാണംകെട്ട കാപട്യവുമാണെന്ന് ത്യാഗരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.