പ്രധാനമന്ത്രിയെ വിമർശിക്കുന്ന കാർട്ടൂൺ; വികടന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്ത് കേന്ദ്രം
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തമിഴ് മാസിക വികടന്റെ വെബ്സൈറ്റ് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രിയോടെയാണ് വികന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തത്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വെബ്സൈറ്റ് ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടതായി വികടൻ വെബ്സൈറ്റിന്റെ അധികൃതർ പറഞ്ഞു.
കൈവിലങ്ങിട്ട് ഡോണാൾഡ് ട്രംപിന് സമീപത്തിരിക്കുന്ന മോദിയുടെ ചിത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് വികടൻ വെബ്സൈറ്റിന് നിരോധനം വന്നത്. യു.എസിൽ നിന്നും ഇന്ത്യക്കാരായ കുടിയേറ്റക്കാരെ നാട്ടിലെത്തിക്കുന്ന സമയത്ത് വിലങ്ങണിയിച്ചത് വലിയ വിവാദമായിരുന്നു. യു.എസ് സന്ദർശനത്തിനിടെ മോദി ഇക്കാര്യത്തിൽ ട്രംപിനെ പ്രതിഷേധം അറിയിച്ചിരുന്നില്ല. ഇക്കാര്യത്തിലാണ് മാസിക ചിത്രം പ്രസിദ്ധീകരിച്ചത്.
വെബ്സൈറ്റ് ബ്ലോക്ക് ചെയ്തത് സംബന്ധിച്ച ഔദ്യോഗികമായി അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വികടൻ എഡിറ്റർ ടി.മുരുകൻ പറഞ്ഞു. അനധികൃതമായ നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ജിയോ, എയർടെൽ പോലുള്ള സേവനദാതാക്കളെ സമ്മർദത്തിലാക്കി വെബ്സൈറ്റിലേക്കുള്ള പ്രവേശനം കേന്ദ്രസർക്കാർ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒരു നൂറ്റാണ്ടായി അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്ന സ്ഥാപനമാണ് വികടൻ. നിയന്ത്രണത്തിന് പിന്നിലുള്ള കാരണമെന്തെന്ന് പരിശോധിച്ച് വരികയാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും എഡിറ്റർ ടി.മുരുകൻ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.