അഗ്നിപഥ് പ്രതിഷേധം: മുട്ടുമടക്കി കേന്ദ്രം; പ്രായപരിധി ഉയർത്തി
text_fieldsന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇളവുമായി കേന്ദ്രസർക്കാർ. അഗ്നിപഥിന്റെ പ്രായപരിധിയാണ് കേന്ദ്രം ഉയർത്തിയത്. പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 21ൽ നിന്നും 23 ആക്കിയാണ് ഉയർത്തിയത്. ഈ വർഷം നടത്തുന്ന നിയമനങ്ങൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
സൈന്യത്തിലേക്ക് നാലുവർഷത്തെ കരാർ അടിസ്ഥാനത്തിൽ യുവാക്കളെ നിയമിക്കുന്ന കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസം ബിഹാറിൽനിന്ന് ആരംഭിച്ച പ്രതിഷേധം ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. പലയിടത്തും ഉദ്യോഗാർഥികളുടെ തെരുവിലെ പ്രതിഷേധം അക്രമാസക്തമായി.
റോഡ്, റെയിൽ ഗതാഗതം സ്തംഭിപ്പിച്ചു. ബിഹാറിൽ മൂന്നിടങ്ങളിൽ ട്രെയിനിന് തീയിട്ടു. അഗ്നിപഥ് റിക്രൂട്ട്മെന്‍റ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ തെരുവിലിറങ്ങിയത്. ബിഹാറിലെ കൈമുർ ജില്ലയിലെ ബാബുവ റോഡ് റെയിൽവെ സ്റ്റേഷനിൽ ഇന്ത്യൻ ആർമി ലവേഴ്‌സ് എന്നെഴുതിയ ബാനറുമായി എത്തിയവരാണ് ഇന്‍റർസിറ്റി എക്സ്പ്രസ് ട്രെയിനിന്‍റെ കോച്ചിന് തീയിട്ടത്. ബിഹാറിലെ സരൻ ജില്ലയിലും മറ്റൊരിടത്തും ട്രെയിനുകൾക്ക് തീയിട്ടു. ബിഹാറിലെ നവാഡയിൽ ബി.ജെ.പി ജില്ല ഓഫിസും പാർട്ടി എം.എൽ.എ അരുണാ ദേവിയുടെ കാറും തകർത്തു.
എം.എൽ.എ അടക്കമുള്ളവർക്ക് പരിക്കേറ്റു. ബിഹാറിലെ ജെഹ്നബാദ്, ബുക്സർ, നവാഡ ജില്ലകളിൽ ട്രെയിനുകൾ തടഞ്ഞു. ജെഹ്നബാദിൽ ദേശീയപാത ഉപരോധിച്ച് ടയറുകൾ കത്തിച്ചു. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട നിസാമുദ്ദീൻ എക്സ്പ്രസിനുനേരെ മധ്യപ്രദേശിലെ ഗ്വാളിയോർ സ്റ്റേഷനിൽ ആക്രമണമുണ്ടായി. എ.സി കംപാർട്ട്മെന്‍റുകളിലെ ചില്ലുകൾ തകർത്തു.
മലയാളികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. രാജസ്ഥാനിലെ ജയ് പുർ, ജോധ്പുർ, സികാർ, നാഗൗർ, അജ്മീർ, ഹരിയാനയിലെ ഗുരുഗ്രാം, പൽവാൽ, ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ, ബള്ളിയ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധമുണ്ടായി. ജയ് പുരിൽ അജ്മീർ-ഡൽഹി ദേശീയപാത ഉപരോധിച്ചു. ഡൽഹിക്ക് പുറത്ത് നൻഗ്ലോയി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. ഹരിയാനയിൽ പലയിടത്തും പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. ദേശീയപാത ഉപരോധിച്ചു. പ്രതിഷേധത്തെ തുടർന്ന് 22 ട്രെയിനുകൾ റദ്ദാക്കിയതായും അഞ്ചു ട്രെയിനുകൾ പാതിവഴിയിൽ നിർത്തലാക്കിയതായും ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.