വ്യവസ്ഥകൾ പാലിച്ചില്ല; സമഗ്ര ശിക്ഷ പദ്ധതിയിൽ കേരളത്തിന് സഹായമില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: നിബന്ധനകൾ പാലിക്കാത്തതിനാൽ 2023-24 സാമ്പത്തിക വർഷത്തിൽ സമഗ്ര ശിക്ഷ പദ്ധതിയുടെ മൂന്നും നാലും ഗഡുക്കൾ കേരളത്തിന് നൽകാനായില്ലെന്ന് കേന്ദ്രം. ലോക്സഭയിൽ ആന്റോ ആന്റണി എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇത് വ്യക്തമാക്കിയത്.
കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്കാണ് മൂന്നും നാലും ഗഡുക്കൾ നൽകാതിരുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപ്, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചിട്ടില്ല. ഇതോടെ ഈ പദ്ധതി മുഖേന ലഭിക്കേണ്ടിയിരുന്ന ധനസഹായവും നഷ്ടമായി.
കേന്ദ്ര സംസ്ഥാന വിഹിതമുൾപ്പടെ 9337.35 കോടിയാണ് വകയിരുത്തിയത്. ഇതിൽ കേന്ദ്ര വിഹിതം 6901.97 കോടിയാണ്. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ ഉൾപ്പെടെ 10080 സ്കൂളുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1216.18 കോടിയാണ് 2023-24 സാമ്പത്തിക വർഷത്തിൽ പദ്ധതിയിൽ കേന്ദ്ര വിഹിതമായി നൽകിയത്. 2023-24 സാമ്പത്തിക വർഷത്തിൽ സമഗ്ര ശിക്ഷ പദ്ധതിയുടെ പുതുക്കിയ ബജറ്റ് 33,000 കോടിയാണ്. ഇതിൽ 32582.01 കോടി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകി.
2024-25 സാമ്പത്തിക വർഷം ആദ്യ ഗഡുവിനായി 15 സംസ്ഥാനങ്ങൾ പദ്ധതി നിർദേശങ്ങൾ നൽകിയിട്ടില്ല. കേരളമുൾപ്പെടെ 21 സംസ്ഥാനങ്ങൾ നിർദേശങ്ങൾ നൽകിയതിൽ 11 സംസ്ഥാനങ്ങൾക്കാണ് ആദ്യ ഗഡു നൽകിയത്. ഇതിൽ കേരളമുൾപ്പെട്ടിട്ടില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.