സിൽവർ ലൈൻ സങ്കീർണ പദ്ധതി, തിരക്ക് വേണ്ട -കേന്ദ്രം
text_fieldsന്യൂഡൽഹി: കേരളത്തിലെ സിൽവർ ലൈൻ പദ്ധതി വളരെ സങ്കീർണമായ പദ്ധതിയാണെന്നും പദ്ധതിയുടെ കാര്യത്തിൽ തിരക്ക് വേണ്ട എന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി. വളരെ ആലോചിച്ച് കേരളത്തിനോട് നീതി ചെയ്യുന്ന ഒരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുമെന്നും അനുമതി നൽകുന്ന കാര്യത്തിൽ ജനങ്ങളുടെ പ്രതിഷേധവും കൂടി കണക്കിലെടുക്കുമെന്നും കേന്ദ്ര റയിൽവെ മന്ത്രി അറിയിച്ചു.
കെ റയിലിന്‍റെ തടസങ്ങൾ നീക്കാൻ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ് റെയിൽവെ മന്ത്രി കേന്ദ്ര സർക്കാറിന്‍റെ നിലപാട് രാജ്യസഭയെ അറിയിച്ചത്. റെയിൽവെ മന്ത്രാലയത്തിന്മേലുള്ള ബജറ്റ് ചർച്ചയിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ്, ബി.ജെ.പി, സി.പി.എം അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. 65,000 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് കേരളം കാണിച്ചിരിക്കുന്നതെങ്കിലും അത് ഒരു ലക്ഷം കോടി കടക്കും. സിൽവർ ലൈൻ റയിൽപാതയിൽ മറ്റു ട്രെയിനുകൾ ഓടിക്കാൻ പറ്റില്ല. സ്റ്റാൻഡേർഡ് ഗേജിലാണ് നിർമിക്കുകയെങ്കിൽ ബ്രോഡ്ഗേജ് വണ്ടികൾ ഓടിക്കാൻ പറ്റില്ല. വേറെയും കുറെ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്.
അത്തരം പ്രശ്നങ്ങൾക്ക് പുറമെ ആവാസ വ്യവസ്ഥയുടെ പ്രശ്നങ്ങളും പാരിസ്ഥിതികപ്രശ്നങ്ങളുമുണ്ട്. ജനങ്ങളുടെ പ്രതിഷേധവുമുണ്ട്. വളരെ സംവേദനക്ഷമതയോടെ വ്യവസ്ഥാപിതമായി ശരിയായി ആലോചിച്ച് മുന്നോട്ടുപോകണം എന്നാണ് കേരളത്തിൽ നിന്നുള്ള എല്ലാ കക്ഷികളിലുംപ്പെട്ട സഹോദരങ്ങളോടുള്ള തന്‍റെ അപേക്ഷ. ഈ പദ്ധതിക്ക് തിരക്ക് കൂട്ടേണ്ട. കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനം എന്താണെങ്കിലും അത് നീതിപൂർവകമാകും. മനസിൽ ഒരു സംശയവും വേണ്ട. കേന്ദ്രം നല്ലതും നീതിപൂർവകവുമായ ഒരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുമെന്നും ആ തീരുമാനം കേരളത്തിന്‍റെ താൽപര്യത്തിന് അനുസതേമായിരിക്കുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള സി.പി.എം, സി.പി.ഐ അംഗങ്ങളെ നിരാശപ്പെടുത്തിയ കേന്ദ്ര റെയിൽവെ മന്ത്രിയുടെ മറുപടിയെ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ ഡസ്കിലടിച്ച് വരവേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.