യു.എൻ സഹായം വേണ്ടെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കേരളത്തിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് െഎക്യരാഷ്ട്രസഭ രംഗത്തിറങ്ങില്ല. വെള്ളപ്പൊക്ക കെടുതിയുടെ സാഹചര്യങ്ങൾ നേരിടാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് കെൽപുണ്ടെന്നും അടിയന്തര ഇടപെടൽ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും യു.എൻ ഇന്ത്യ ഘടകം വിശദീകരിച്ചു. യു.എൻ സഹായം ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ നിലപാട് എടുത്തതിനു പിന്നാലെയാണിത്.
ദേശീയ ദുരന്തമെന്നുപോലും പേരിടാത്ത കേരളത്തിലെ കെടുതിക്ക് അന്താരാഷ്ട്ര ഏജൻസിയുടെ ഇത്തരത്തിലുള്ള സഹായം തേടുന്നത് ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് കേന്ദ്രത്തിെൻറ നിലപാട്. ഇൗ സാഹചര്യത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സ്വന്തംനിലക്ക് വിഷയം കൈകാര്യം ചെയ്യാൻ കഴിയുമെന്ന യു.എൻ വിശദീകരണവും വന്നത്.
ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ യു.എന്നിനു പുറമെ റെഡ്ക്രോസ്, ജാപ്പനീസ് ഏജൻസികൾ തുടങ്ങിയവയും സഹായം വാഗ്ദാനം ചെയ്തിരുന്നു. ഭാവിയിൽ വേണ്ടിവരുന്ന പുനർനിർമാണ പ്രവർത്തനങ്ങളിൽ യു.എൻ സഹായം തേടുമോ എന്ന് വ്യക്തമല്ല.
യു.എൻ സഹായസാധ്യതകൾ തേടി തിരുവനന്തപുരം എം.പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ ഡൽഹി കോടതിയുടെ അനുമതിയോടെ ജനീവയിൽ എത്തിയിരുന്നു. ശശി തരൂരിനെ സംസ്ഥാനം പ്രതിനിധിയായി നിയോഗിച്ചിട്ടില്ലെന്നാണ് പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. യു.എന്നിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള തരൂർ, സ്വന്തംനിലക്കാണ് ജനീവയിൽ എത്തിയത്. രക്ഷ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളത്തിന് യു.എൻ സഹായം ആവശ്യമില്ലെന്ന് തരൂർ വിശദീകരിച്ചു. പുനരധിവാസം, പുനർനിർമാണം എന്നിവയിൽ സഹായിക്കാൻ കഴിയുന്ന മേഖലകളെക്കുറിച്ച് യു.എന്നിലെ ബന്ധപ്പെട്ട വിഭാഗങ്ങളുമായി താൻ ചർച്ച നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയോട് സംസാരിക്കും. തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്.
പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾ സംസ്ഥാനത്തിെൻറ വിഭവങ്ങൾകൊണ്ടു മാത്രം കഴിയുന്നതല്ലെന്ന് തരൂർ പറഞ്ഞു. കേന്ദ്രം സഹായിക്കുമെങ്കിൽ നല്ലത്. ഇക്കാര്യങ്ങളിൽ സാേങ്കതിക വൈദഗ്ധ്യം നൽകാനും ഭാവിയിൽ ഇത്തരം കെടുതികളുടെ വ്യാപ്തി കുറക്കാൻ പാകത്തിലുള്ള നടപടികൾ നിർദേശിക്കാനും യു.എന്നിനു കഴിയും. സാമ്പത്തികസഹായവും പരിഗണിക്കാവുന്നതാണ്. ഇക്കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിക്കുമെന്ന് തരൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.