റെയ്ഡിലെ കമ്പം ലോക്പാലിൽ ഇല്ല
text_fieldsന്യൂഡൽഹി: അഴിമതിക്കെതിരായ പോരാട്ടത്തിെൻറ പേരിൽ കേന്ദ്ര ഏജൻസികൾ മോദിസർക്കാറിെൻറ രാഷ്ട്രീയഎതിരാളികളെ വട്ടമിട്ടുപറക്കുേമ്പാൾ, അഴിമതിവിരുദ്ധപോരാട്ടത്തിെൻറ ജ്വാലയിൽ കിളിർത്ത ലോക്പാൽ എവിടെയെത്തി? ലോക്പാലിനെക്കുറിച്ച റിപ്പോർട്ട് സർക്കാർ ഇനിയും പഠിച്ചുതീർന്നില്ല. ബുധനാഴ്ച പാർലമെൻറിന് നൽകിയ മറുപടി അതാണ്.അഴിമതി തടയാൻ ഫലപ്രദ സംവിധാനമെന്ന നിലയിൽ ലോക്പാൽ രൂപവത്കരിക്കുമെന്ന ഉറപ്പുകിട്ടിയശേഷമാണ് പ്രമുഖ ഗാന്ധിയൻ അണ്ണാ ഹസാരെ ഡൽഹി രാംലീല െമെതാനിയിൽ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചത്.
പാർലമെൻറിനെപോലും സ്തംഭിപ്പിച്ച ഇൗ സമരത്തെ പിന്നിൽനിന്ന് നിയന്ത്രിക്കാൻ സംഘ്പരിവാർ സംഘടനകളുമുണ്ടായിരുന്നു. എന്നാൽ, ലോക്പാൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിൽ താൽപര്യമില്ലെന്നാണ് മോദിസർക്കാർ മൂന്നു വർഷത്തിനിടയിൽ തെളിയിച്ചത്.ലോക്പാൽ, ലോകായുക്ത നിയമം-2013 തൊട്ടടുത്ത വർഷം ജനുവരി 16ന് പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പുകഴിഞ്ഞപ്പോൾ നിയമനസമിതിയിൽ പ്രതിപക്ഷനേതാവില്ലാത്ത സ്ഥിതിയായി. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് പ്രതിപക്ഷനേതൃപദവി അനുവദിക്കാൻ മോദിസർക്കാർ തയാറായിരുന്നില്ല. ലോക്പാൽ നടപ്പിൽവരുത്താത്തതിൽ പ്രതിഷേധം മുറുകിയപ്പോൾ 2014 ഡിസംബറിൽ നിയമഭേദഗതി ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടു. അത് പാർലമെൻറ് സമിതിയുടെ പഠനത്തിന് വിട്ടു.
2015 ഡിസംബർ ഏഴിന് സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഇൗ റിപ്പോർട്ടിലെ ശിപാർശകൾ പഠിക്കാൻ ഏഴു കേന്ദ്രമന്ത്രിമാർ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചു. സമിതിയും നൽകി ശിപാർശകൾ. അത് സർക്കാർ പരിഗണിച്ചുവരുന്നുവെന്നാണ് ലോക്സഭയിൽ എഴുതിനൽകിയ മറുപടിയിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് വിശദീകരിച്ചത്. ഇങ്ങനെ ലോക്പാലിനെ മൃതപ്രായമാക്കിയതിനൊപ്പമാണ് സർക്കാറിെൻറ രാഷ്ട്രീയഎതിരാളികൾക്കുനേരെ കേന്ദ്രഏജൻസികൾ കുരച്ചുചാടുന്നത്. ബിഹാറിൽ ലാലുവിനെതിരെ നീങ്ങിയതിനുപിന്നാലെ സംസ്ഥാന സർക്കാറിൽ ബി.ജെ.പിക്ക് പങ്കാളിത്തം ലഭിച്ചു.
രാജ്യസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ എം.എൽ.എമാരെ ബി.ജെ.പി റാഞ്ചാതിരിക്കൻ കോൺഗ്രസ് കണ്ട ഉപായത്തെ ആദായനികുതി റെയ്ഡുകൊണ്ട് നേരിടുന്നതായിരുന്നു ബുധനാഴ്ചത്തെ കാഴ്ച. ബി.ജെ.പിയിതര സംസ്ഥാനങ്ങളിലെല്ലാം അഴിമതിവിരുദ്ധ ഏജൻസികൾ വട്ടമിട്ടുപറക്കുന്നു. ലോക്പാൽ വന്നാൽ കേന്ദ്രഏജൻസികളെ കയറൂരിവിടാൻ സർക്കാറിന് പരിമിതി ഉണ്ടാവുമെന്നതാണ് കഥയുടെ കാതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.