കോവിഡ്: അഞ്ചാംഘട്ട ഇളവിനൊരുങ്ങി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം പാരമ്യതയിലേക്കെന്ന സൂചനകൾക്കിടയിലും രാജ്യത്ത് അഞ്ചാംഘട്ട ഇളവുകൾക്കായി കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ ഒക്ടോബർ തുടക്കം മുതൽ കൂടുതൽ ഇളവുകളുമായി 'അൺലോക്ക് 5' നടപ്പാക്കാനാണ് സർക്കാർ നീക്കം.
അടഞ്ഞുകിടക്കുന്ന സിനിമാശാലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും 'അൺലോക്ക് 5'ൽ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ. നാലാംഘട്ട ഇളവിൽ മെട്രോ സർവിസുകൾ, നൂറുപേരിൽ കൂടാത്ത പൊതുചടങ്ങുകൾ തുടങ്ങിയവക്ക് അനുമതി നൽകിയിരുന്നുവെങ്കിലും സിനിമ പ്രദർശനമടക്കമുള്ള, അടച്ചുപൂട്ടിയ ഹാളിലെ പരിപാടികൾക്ക് അനുമതി നൽകിയിരുന്നില്ല. ഇതു സംബന്ധിച്ച് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയടക്കമുള്ള സംഘടനകളുടെ നിരന്തര ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. ഓപൺ എയർ തിയറ്ററുകൾക്ക് സെപ്റ്റംബറിൽതന്നെ പ്രവർത്തനാനുമതി നൽകിയിരുന്നു.
നിശ്ചിത ആളുകളുമായി ഒക്ടോബർ ഒന്നുമുതൽ സംസ്ഥാനത്ത് സിനിമാശാലകൾ പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മാനദണ്ഡം പാലിച്ച് സംഗീത-നൃത്ത-നാടകമടക്കമുള്ള വിനോദ പരിപാടികൾക്കും അനുമതിയുണ്ടാകും.
കൃത്യമായ ഇരിപ്പിട അകലം പാലിച്ചുെകാണ്ടായിരിക്കും കേന്ദ്രം തിയറ്ററുകൾക്ക് പ്രവർത്തനാനുമതി നൽകുകയെന്നാണ് കരുതുന്നത്. കേരളം, ഉത്തരാഖണ്ഡ്, ഒഡിഷ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങൾ ഒക്ടോബർ മുതൽ ടൂറിസം പ്രവർത്തനങ്ങൾ തുടങ്ങുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.