രാജ്യത്തെ സജീവ കോവിഡ് കേസുകളില്‍ 77 ശതമാനവും കേരളം അടക്കം 10 സംസ്ഥാനങ്ങളില്‍
text_fieldsന്യൂഡൽഹി: രാജ്യത്ത് നിലവിൽ കോവിഡ് ബാധയുള്ളവരിൽ 77 ശതമാനവും കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങളിലാണ് ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ. കോവിഡ് സ്ഥിതിഗതികൾ വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര, കർണാടക, കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ സജീവ കേസുകളുടെ 77 ശതമാനവും ഉള്ളത്. കോവിഡ് മരണങ്ങളിൽ 48 ശതമാനവും നടന്നത് 25 ജില്ലകളിലാണ്. ഇതിൽ 15 ജില്ലകൾ മഹാരാഷ്ട്രയിലാണ്. മരണ നിരക്ക് കുറച്ചു കൊണ്ടുവരാനുള്ള നടപടികൾ ഊർജിതമാക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ എത്തിക്കുക എന്നതാണ് കേന്ദ്ര സർക്കാറിന്‍റെ ലക്ഷ്യം. മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം കുറയുന്നുവോ എന്ന് ഇപ്പോൾ പറയാനാകില്ല. അതുസംബന്ധിച്ച നിഗമനത്തിലെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ദൈനംദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരികയാണ്. പുതുതായി രോഗം ബാധിക്കുന്നവരേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടുന്നതായാണ് കണ്ടുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ ആക്ടീവ് കേസുകൾ പത്ത് ലക്ഷത്തിൽ താഴെയാണ്. രോഗമുക്തി നിരക്ക് 84 ശതമാനമാണെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.