പെഗാസസ് ഫോൺ ചോർത്തൽ: ജനാധിപത്യ സർക്കാറിനെ താറടിക്കാനുള്ള ശ്രമമെന്ന് ഐ.ടി മന്ത്രി
text_fieldsന്യൂഡൽഹി: പെഗാസസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ വിശദീകരണവുമായി ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ്. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര പ്രതികരിച്ചു.
'സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ല.' മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
'പ്രശ്നത്തെ ലോജിക് ഉപയോഗിച്ച് പരിശോധിക്കണം. ദേശീയ താൽപര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ കർശനമായ നിയമങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിട ഇത്തരം ഫോൺ ചോർത്തലുകൾ നടപ്പാക്കാൻ സാധിക്കില്ല.' നിലപാട് അദ്ദേഹം ആവർത്തിച്ചു.
വിഷയത്തിൽ രാജ്യസഭ ഇന്ന് ഉച്ചക്ക് ശേഷവും അലങ്കോലമായി. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. രാവിലെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നുച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെച്ചിരുന്നു.
ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോൺ ഇസ്രായേൽ കമ്പനി ചോർത്തിയെന്നാണ് വെളിപ്പെടുത്തൽ. 40 മാധ്യമപ്രവർത്തകർ, മൂന്നു പ്രമുഖ പ്രതിപക്ഷനേതാക്കൾ, ജുഡീഷ്യറിയിലെ ഒരു പ്രമുഖൻ, മോദി സർക്കാറിലെ രണ്ടു മന്ത്രിമാർ, ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികൾ, ഉദ്യോഗസ്ഥർ, വ്യവസായപ്രമുഖർ എന്നിവർ ചാരവൃത്തിക്ക് ഇരയായതായാണ് 'ദ വയർ' വാർത്ത പോർട്ടൽ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലെ സർക്കാറുകൾക്ക് ചാരപ്പണി നടത്തിക്കൊടുക്കുന്ന ഇസ്രായേലി ചാര വിവരസാങ്കേതികവിദ്യ കമ്പനിയായ എൻ.എസ്.ഒ ആണ് ഇന്ത്യയിൽ പ്രമുഖരുടെ ഫോണുകൾ ചോർത്തിക്കൊടുത്തത്. ഇന്ത്യൻ മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. അന്വേഷണത്തിെൻറ ഭാഗമായി മൊബൈൽ ഫോണുകളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ ചാരവൃത്തിക്ക് ഇസ്രായേൽ കമ്പനി ഉപയോഗിക്കുന്ന പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുവെന്നും കണ്ടെത്തി.
ഇന്ത്യയിൽ 'ദ വയറും' അമേരിക്കയിലെ വാഷിങ്ടൺ പോസ്റ്റും ബ്രിട്ടനിലെ ഗാർഡിയനും അടക്കം ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഒരു ഡസനിലേറെ മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ച് 'പെഗാസസ് പ്രോജക്ട്' എന്ന പേരിലാണ് അന്വേഷണം പൂർത്തിയാക്കിയത്. ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിന് കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അയച്ചുവെന്നും എന്നാൽ, ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നൽകിയെന്നും 'വയർ' റിപ്പോർട്ട് ചെയ്തു. എന്നാൽ, പെഗാസസ് സ്പൈവെയർ ഉപയോഗിച്ചില്ല എന്നു പറയാൻ പ്രധാനമന്ത്രിയുടെ ഓഫിസ് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.