മകൻ ആശിഷിന്റെ അറസ്റ്റ് തിരിച്ചടിയായി; കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെച്ചേക്കും
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ നാലു കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ആശിഷ് മിശ്ര അറസ്റ്റിലായതിന് പിന്നാലെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്ര രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ അജയ് മിശ്ര രാജിവെക്കുന്നതാണ് ഉചിതമെന്ന വിലയിരുത്തലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ളത്. കൂടാതെ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഈ നിലപാടാണുള്ളതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ തന്‍റെ മകന് പങ്കില്ലെന്ന നിലപാടാണ് അജയ് മിശ്ര തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഇതാണ് അജയ് മിശ്ര അറിയിച്ചിരുന്നത്. ഈ വിഷയത്തിൽ വസ്തുത പരിശോധിച്ച് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അമിത് ഷാ എത്തിയത്. കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളും ആശിഷ് മിശ്രയിൽ നിന്നും ലഭിച്ച മൊഴിയും തമ്മിൽ പൊരുത്തപ്പെടാത്ത സാഹചര്യവും നിലവിലുണ്ട്.
കൂടാതെ, ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിട്ടുള്ളത്. ഇത് തെരഞ്ഞെടുപ്പിൽ പ്രതികൂലമാകുമോ എന്ന ആശങ്കയിലാണ് ബി.െജ.പി നേതൃത്വം. കൂടാതെ, എൻ.ഡി.എ ഘടകകക്ഷികൾക്കിടയിലും പ്രതിഷേധം ഉയരുന്നുണ്ട്.
ലഖിംപുർ ഖേരി സന്ദർശിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ തടങ്കലിൽ വെച്ചതും യോഗി സർക്കാറിന് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ, കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ പ്രിയങ്കയും രാഹുൽ ഗാന്ധിയും സന്ദർശിച്ചതും അവരെ ആശ്വസിപ്പിച്ചതും സർക്കാറിനെതിരെ ജനരോഷം ഉയരാൻ വഴിവെച്ചിട്ടുണ്ട്. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പ്രത്യേക അന്വേഷണ സംഘമാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മിശ്രക്കെതിരെ കൊലപാതകമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. നിലവിൽ രണ്ടു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആശിഷ് മിശ്ര. ഏതൊരു കൊലപാതക കേസിലെ പ്രതിയെയും പോലെ ആശിഷിനെയും പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി യു.പി പൊലീസിനെ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.