കേന്ദ്രമന്ത്രി അനന്ത് കുമാർ അന്തരിച്ചു
text_fieldsബംഗളൂരു: കേന്ദ്ര പാർലമെൻററികാര്യ, രാസ-വളം വകുപ്പു മന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ എച്ച്.എൻ. അനന്ത്കുമാർ (59) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂയോർക്കിൽ ചികിത്സയിലായിരുന്ന അനന്ത്കുമാറിനെ മൂന്നാഴ്ചമുമ്പാണ് ബംഗളൂരുവിലേക്ക് മാറ്റിയത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ചാമരാജ്പേട്ടിലെ ശ്മശാനത്തിൽ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
എ.ബി.വി.പിയിലും ആർ.എസ്.എസിലും പ്രവർത്തിച്ച അനന്ത്കുമാർ 1996 മുതൽ ബംഗളൂരു സൗത്ത് മണ്ഡലം പ്രതിനിധിയായി ആറുതവണ ലോക്സഭയിലെത്തി. എ.ബി. വാജ്പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. വാജ്പേയി മന്ത്രിസഭയിൽ വ്യോമയാനം, നഗരവികസനം, ടൂറിസം, യുവജനക്ഷേമം, കായികം വകുപ്പുകളുടെ ചുമതല വഹിച്ചു.മോദി മന്ത്രിസഭയിൽ 2014 മേയ് മുതൽ രാസ-വളം വകുപ്പിെൻറയും 2016 ജൂലൈ മുതൽ പാർലമെൻററികാര്യ വകുപ്പിെൻറയും ചുമതലയായിരുന്നു.
എ.ബി.വി.പി ദേശീയ സെക്രട്ടറി, ബി.ജെ.പി കർണാടക അധ്യക്ഷൻ, ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തേജസ്വിനി , മക്കൾ: െഎശ്വര്യ, വിജേത.
കർണാടകയിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കോടതികൾക്കും സർക്കാർ ഒാഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി നൽകി.
ബസവനഗുഡിയിലെ വീട്ടിൽ ദർശനത്തിന് വെച്ച മൃതദേഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്സിങ്, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴിന് മല്ലേശ്വരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഒാഫിസിലും രാവിലെ പത്തിന് നാഷനൽ കോളജ് മൈതാനത്തും മൃതദേഹം പൊതുദർശനത്തിന് വെക്കും.
കേന്ദ്ര മന്ത്രി അനന്ത്കുമാറിെൻറ നിര്യാണം വേദനിപ്പിക്കുന്നതാണെന്നും രാജ്യത്തിന് വലിയ നഷ്ടമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ശ്രദ്ധേയനായ നേതാവും കഴിവുറ്റ ഭരണകർത്താവുമായിരുന്നു തെൻറ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന അനന്ത്കുമാറെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി സ്മരിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.