‘വിദേശത്ത് ഇന്ത്യയെ അപമാനിക്കുന്നത് രാഹുൽ തുടരുന്നു, മോദിയെ ‘ബോസ്’ എന്ന് വിളിക്കുന്നത് ദഹിക്കുന്നില്ല’; വിമർശനവുമായി കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: യു.എസിലെ സാൻഫ്രാൻസിസ്കോയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. വിദേശ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് അനുരാഗ് താക്കൂർ ആരോപിച്ചു.
-
അടുത്തിടെ നടത്തിയ വിദേശയാത്ര-യിൽ രാഷ്ട്രതലവന്മാരും പ്രാധാനമന്ത്രിമാരും അടക്കം 24ഓളം പേരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ഇതോടൊപ്പം 50 കൂടിക്കാഴ്ചക്കളിലും ഭാഗമായി. ആസ്ട്രേലിയൻ പ്രധാനമന്ത്രി മോദിയെ ബോസ് എന്നാണ് വിശേഷിപ്പിച്ചതെന്നും ഇത് രാഹുൽ ഗാന്ധിക്ക് ദഹിക്കുന്നില്ലെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.
സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സർക്കാറിനെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചത്. ബി.ജെ.പി ജനത്തെ ഭീഷണിപ്പെടുത്തുകയാണെന്നും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുൽ പറഞ്ഞു. സർക്കാർ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതും അവരുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍റെ വിമർശനം.
ഭാരത് ജോഡോ യാത്ര തടസപ്പെടുത്താൻ കേന്ദ്ര സർക്കാർ എല്ലാ വിധത്തിലും ശ്രമിച്ചിരുന്നതായും രാഹുൽ കുറ്റപ്പെടുത്തി. ജനങ്ങളുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളുടെയും നിയന്ത്രണം ബി.ജെ.പിയും ആർ.എസ്.എസും കൈയടക്കിയ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്നും രാഹുൽ വ്യക്തമാക്കി.
മുമ്പ് യു.കെ സന്ദർശനത്തിനിടെ രാഹുൽ കേംബ്രിജ് സർവകലാശാലയിൽ ഇന്ത്യയിലെ സർക്കാറിനെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും നടത്തിയ പ്രസംഗം ബി.ജെ.പി വിവാദമാക്കിയിരുന്നു. ഇന്ത്യൻ ജനാധിപത്യം വലിയ പ്രതിസന്ധി നേരിടുകയാണെന്നും മാധ്യമങ്ങളും കോടതിയുമെല്ലാം സർക്കാർ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നുമായിരുന്നു രാഹുലിന്‍റെ പ്രസ്താവന. ഇത് ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ബി.ജെ.പിയുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.