ശ്രീരാമൻ ദൈവമല്ലെന്ന് പറഞ്ഞ ജിതൻ റാം മാഞ്ചി ഇനി മോദിയുടെ മന്ത്രി
text_fieldsപട്ന: ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി ഇനി നരേന്ദ്ര മോദി മന്ത്രിസഭയിൽ കേന്ദ്രമന്ത്രി. ശ്രീ രാമൻ സാങ്കൽപ്പിക കഥാപാത്രമാണെന്നും രാവണൻ രാമനേക്കാൾ മികച്ചതാണെന്നുമുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനകൾ വിവാദമായിരുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രിയാണ് ജിതിൻ റാം മാഞ്ചി.
മുസഹർ സമുദായത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ കേന്ദ്രമന്ത്രിയാണ് ജിതൻ റാം മാഞ്ചി. കോൺഗ്രസ്, ജനതാദൾ, രാഷ്ട്രീയ ജനതാദൾ, ജെ.ഡി.യു എന്നിവയുൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടികളിൽ അദ്ദേഹം അംഗമായിരുന്നു. 2015ലാണ് അദ്ദേഹം ജെ.ഡി.യു വിട്ട് ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) രൂപീകരിക്കുന്നത്.
ദലിതരെ ഹിന്ദു വിഭാഗത്തിലെ സവർണ്ണ ജാതിക്കാർ അടിമകളെപ്പോലെയാണ് പരിഗണിക്കുന്നതെന്നും തൊട്ടുകൂടാത്തവരായി കണക്കാക്കുന്നുവെന്നും ജിതൻ റാം പറഞ്ഞിട്ടുണ്ട്. ദലിത് വോട്ടുകൾ ലഭിക്കാൻ ബി.ജെ.പി ‘ഹിന്ദുത്വ കാർഡ്’ ഇറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. ശ്രീരാമൻ ദൈവമല്ല പുരാണ കഥാപാത്രമാണെന്നും രാവണൻ രാമനേക്കാൾ ആചാരങ്ങളിൽ പ്രാവീണ്യമുള്ളവനാണെന്നുമുള്ള അദ്ദേഹത്തിന്‍റെ പരാമർശം വലിയ വിവാദമായിരുന്നു.
“ഞാൻ രാമനിൽ വിശ്വസിക്കുന്നില്ല. രാമൻ ഒരു ദൈവമായിരുന്നില്ല. തുളസീദാസും വാല്മീകിയും തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാൻ സൃഷ്ടിച്ച കഥാപാത്രമായിരുന്നു രാമൻ. കാവ്യവും മഹാകാവ്യവും ഈ കഥാപാത്രത്തിലൂടെ സൃഷ്ടിച്ചു. അതിൽ പറയുന്ന നല്ല കാര്യങ്ങളെ ബഹുമാനിക്കുന്നു. ഞാൻ തുളസീദാസിനെയും വാൽമീകിയെയും ബഹുമാനിക്കുന്നു. പക്ഷേ രാമനെയില്ല” -എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.