വിദേശ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിൽ
text_fieldsന്യൂഡൽഹി: കുവൈത്തിലെ തീപിടിത്തത്തിൽ പരിക്കേറ്റവരെ സഹായിക്കാനും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര വിദേശ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് കേന്ദ്ര വിദേശ സഹമന്ത്രി അടിയന്തരമായി കുവൈത്തിലേക്ക് തിരിച്ചതെന്ന് വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. കുവൈത്ത് ഭരണകൂടവുമായി ചേർന്ന് ഇതിനായുള്ള പ്രവർത്തനങ്ങൾ കേന്ദ്രമന്ത്രി ഏകോപിപ്പിക്കും. കുവൈത്തിലെ ഇന്ത്യൻ എംബസിയെ +965-65505246 എന്ന ഹെൽപ് ലൈൻ നമ്പറിൽ ഫോൺവഴിയും വാട്സ്ആപ് വഴിയും ബന്ധപ്പെടാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്ത് സിറ്റിയിലെ തീപിടിത്തം ദുഃഖകരമാണെന്നും മനസ്സ് ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്ടമായവരോടൊപ്പമാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക ദുരന്തസ്ഥലത്ത് ഉടനെത്തിയെന്നും മുബാറക് അൽകബീർ, ഫർവാനിയ, അൽ അദാൻ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ച പരിക്കേറ്റവരെ സന്ദർശിച്ച് എംബസിയുടെ പൂർണ സഹായം ഉറപ്പുനൽകിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരിൽ മിക്കവരും അപകടനില തരണം ചെയ്തു
കുവൈത്ത് സിറ്റി: പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മിക്കവരും അപകടനില തരണം ചെയ്തതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈകയുടെ നേതൃത്വത്തിലുള്ള എംബസി സംഘം രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. അദാന്‍ ആശുപത്രി സന്ദര്‍ശിച്ച അംബാസഡര്‍ പരിക്കേറ്റ 30 പേരുമായി സംസാരിച്ചു. ഇവരുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലുള്ള ആറു പേരില്‍ നാലുപേര്‍ ആശുപത്രിയില്‍ നിന്നും മടങ്ങി. പരിക്കേറ്റ ഒരാളെ ജഹ്റ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാള്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. മുബാറക് കബീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 11 പേരില്‍ പത്തുപേരും ആശുപത്രിയില്‍ നിന്ന് തിരികെ മടങ്ങി. ഇവിടെ ഒരാള്‍ ചികിത്സയിലുണ്ട്. ജഹ്റ ആശുപത്രിയില്‍ ആറു പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. വൈകീട്ടോടെ ആറു പേരെ കൂടി മംഗഫില്‍നിന്ന് ജഹ്റ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.