സ്വന്തം പാർട്ടിയെ വിമർശിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
text_fieldsമുംബൈ: സ്വന്തം പാർട്ടിയുടെ വിമർശകനായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മഹാരാഷ്ട്ര സർക്കാറിന്റെ ‘ലഡ്കി ബഹിൻ’ പദ്ധതിയെ ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാറിന്റെ ഒരു സംരംഭമാണിത്. മറ്റ് മേഖലകളിലെ സബ്‌സിഡികൾ സമയബന്ധിതമായി നൽകുന്നതിനെ ഈ പദ്ധതി തടസ്സപ്പെടുത്തുന്നുവെന്നായിരുന്നു ഗഡ്കരിയുടെ വിമർശനം.
നാഗ്പൂരിൽ പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ‘നിക്ഷേപകർക്ക് അവരുടെ സബ്‌സിഡി കൃത്യസമയത്ത് ലഭിക്കുന്നുണ്ടോ? ആർക്കറിയാം! ലഡ്കി ബഹിൻ പദ്ധതിക്കും ഞങ്ങൾ പണം നൽകണം!’ എന്നായിരുന്നു വാക്കുകൾ. മുമ്പ് മറ്റ് സബ്‌സിഡികൾക്കായി നീക്കിവച്ചിരുന്ന ഫണ്ടുകൾ ഈയിനത്തിൽ വകമാറ്റപ്പെടുമെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു. ‘നിങ്ങൾക്ക് സബ്‌സിഡി ലഭിക്കുകയാണെങ്കിൽ അതെടുക്കുക. എന്നാൽ വീണ്ടും എപ്പോൾ അത് ലഭിക്കുമെന്ന് ഒരുറപ്പുമില്ല. ‘ലഡ്‌കി ബഹിൻ യോജന’ ആരംഭിച്ചതോടെ സബ്‌സിഡികൾക്കായി അനുവദിച്ച ഫണ്ട് അതിനുകൂടി ഉപയോഗിക്കേണ്ടിവരുന്നു’ എന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സർക്കാറിന്റെ ഈ പദ്ധതി പ്രകാരം 21നും 65 നും ഇടക്ക് പ്രായമുള്ള സ്ത്രീകൾക്ക് വൈവാഹിക നില പരിഗണിക്കാതെ, കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാത്തപക്ഷം പ്രതിമാസം 1,500 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും. സംസ്ഥാനത്തിന്റെ ഖജനാവിൽ നിന്ന് 46,000 കോടി രൂപ ചെലവിട്ടാണ് ഇത് നടപ്പാക്കുന്നത്.
ദീപാവലിക്ക് ശേഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ‘ലഡ്‌കി ബഹിൻ’ പദ്ധതിയിലും സംസ്ഥാനത്തിന്റെ ധനകാര്യത്തിലും ഗഡ്കരി എടുത്ത പരസ്യ നിലപാട് പാർട്ടിക്ക് തലവേദനയാവും. തെരഞ്ഞെടുപ്പടുത്തിരിക്കെ പ്രതിപക്ഷം ആവേശത്തിലായതിനാൽ പ്രത്യേകിച്ചും. കേന്ദ്രമന്ത്രിയുടെ വിമർശനം ഏറ്റുപിടിക്കാൻ കോൺഗ്രസും എൻ.സി.പിയും (എസ്.പി) ശിവസേനയും (യു.ബി.ടി) ഒട്ടും സമയം പാഴാക്കിയില്ല. അധികാരത്തിലിരിക്കുന്നവർ പോലും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മോശമായ അവസ്ഥയിലാണെന്ന് സമ്മതിക്കുകയാണെങ്കിൽ നാമെല്ലാവരും പരിഭ്രാന്തരാകണം എന്ന് അവർ പ്രതികരിച്ചു.
മുതിർന്ന കേന്ദ്രമന്ത്രിയായ ഗഡ്കരി ഇപ്പോൾ മഹാരാഷ്ട്രയുടെ സാമ്പത്തിക പ്രശ്‌നങ്ങൾ പരസ്യമായി അംഗീകരിക്കുകയാണെന്നും ഇത് ഒരു ‘സോപ്പ് ഓപ്പറക്ക്’ യോഗ്യമായ ട്വിസ്റ്റാണെന്നും ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. അതിനേക്കാളുപരി, അടിയന്തര ഫണ്ട് കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്കുള്ള സഹായം റദ്ദാക്കുന്നത് പോലെയുള്ള വിഷയങ്ങളിൽ ഒന്നും പറയുന്നില്ല. 400ലധികം കരാറുകാർക്ക് 15 മാസമായി ശമ്പളം നൽകാത്തതിനെക്കുറിച്ചും ധനക്കമ്മി ലക്ഷം കോടി കവിഞ്ഞതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സംസ്ഥാനത്തിന്റെ മൊത്തം കടം ഇപ്പോൾ 7 ലക്ഷം കോടി കവിഞ്ഞിരിക്കുന്നു. ഇത് സംസ്ഥാനത്തിന്റെ ജി.ഡി.പിയുടെ 20ശതമാനത്തോളമാണ്. ഭരിക്കുന്നവരുടെ ‘തൊപ്പിയിലെ ഒരു യഥാർത്ഥ തൂവൽ’ ആണിതെന്നും രമേശ് പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.