രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണം -രാംദാസ് അത്തേവാല
text_fieldsപാൽഘർ: രാജ്യത്ത് ജാതി അടിസ്ഥാനമാക്കി ജനസംഖ്യ കണക്കെടുപ്പ് നടത്തണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. ജാതീയതക്ക് വഴിയൊരുക്കുകയെന്നതല്ല തന്‍റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വിക്രംഗഡിൽ ശനിയാഴ്ച ആദിവാസി വിഭാഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അത്തേവാല.
മറ്റ് ജാതികൾക്കും സമുദായങ്ങൾക്കുമുള്ള സംവരണം തടസ്സപ്പെടുത്താതെ തന്നെ മറാത്തക്കാർക്ക് സംവരണം നൽകണമെന്ന് സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി കൂടിയായ അത്തേവാല ആവശ്യപ്പെട്ടു.
വിദ്യാഭ്യാസത്തിലും ജോലികളിലും മറാത്തക്കാർക്ക് സംവരണം അനുവദിക്കുന്ന 2018ലെ മഹാരാഷ്ട്ര നിയമം നടപ്പാക്കുന്നത് സുപ്രീംകോടതി കഴിഞ്ഞ വർഷം സ്റ്റേ ചെയ്തിരുന്നു. എന്നാൽ ആനുകൂല്യങ്ങൾ നേടിക്കൊണ്ടിരിക്കുന്നവരെ ഇത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
''അടുത്ത സെൻസസിൽ വിവിധ ജാതികളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തണം, അതുവഴി മൊത്തം ജനസംഖ്യയിൽ അവർ എവിടെ നിൽക്കുന്നുവെന്ന് ആളുകൾക്ക് അറിയാൻ സാധിക്കും. ജാതീയത വളർത്തുകയല്ല ഇതിന്‍റെ ലക്ഷ്യം" -റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) അധ്യക്ഷൻ വ്യക്തമാക്കി.
വരുമാന മാർഗമില്ലാത്തവർക്ക് അവരുടെ ഉപജീവനമാർഗം സാധ്യമാക്കുന്നതിനായി അഞ്ച് ഏക്കർ ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും ആസ്ഥാനത്ത് ഈ മാസം 25 ന് തന്‍റെ പാർട്ടി അഖിലേന്ത്യാ പ്രക്ഷോഭം നടത്തുമെന്നും അത്തേവാല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.