ബി.ജെ.പിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് കേന്ദ്രമന്ത്രി 'എക്സിറ്റ്' അടിച്ചു; കാരണം ഇതാണ്
text_fieldsകൊൽക്കത്ത: കേന്ദ്രമന്ത്രിയും മതുവ സമുദായത്തിലെ പ്രമുഖനുമായ ശാന്തനു ഠാക്കൂർ ബി.ജെ.പിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് സ്വയം പുറത്തുപോയി. 'പാർട്ടിക്കുള്ളിൽ ഞങ്ങൾക്ക് (മതുവ) പ്രാധാന്യമുണ്ടെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം കരുതുന്നില്ലെന്ന് തോന്നുന്നു'- ഷിപ്പിങ് മന്ത്രാലയത്തിലെ സഹമന്ത്രിയായ ഠാക്കൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മതുവ സമുദായത്തിലെ പ്രബല സംഘടനയായ ഓൾ ഇന്ത്യ മതുവ മഹാസംഘടനയുടെ സംഘാധിപതിയാണ് ഠാക്കൂർ. ബി.ജെ.പി സംസ്ഥാന-ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ മതുവ സമുദായത്തിലെ ചില എം.എൽ.എമാരെ ഒഴിവാക്കിയതിനെതിരെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബോംഗാവ് എം.പിയായ ഠാക്കൂർ പ്രതികരിച്ചിരുന്നു.
ബി.ജെ.പി കുടുംബത്തിന് ഏറെ വേണ്ടപ്പെട്ടയാളാണ് ഠാക്കൂറെന്നും തെറ്റിദ്ധാരണ നീക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും സംസ്ഥാന അധ്യക്ഷൻ സുകാന്ത മജൂംദാർ പ്രതികരിച്ചു.
പാർട്ടി സംസ്ഥാന കമ്മിറ്റി പുന:സംഘടനയിൽ തഴഞ്ഞുവെന്ന് കാണിച്ച് എം.എൽ.എമാരായ മുക്ത്മനി അധികാരി, സുബ്രത ഠാക്കൂർ, അംബിക റോയ്, അശോക് കിർതാനിയ, അസിം സർക്കാർ എന്നിവർ ബി.ജെ.പിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് നേരത്തെ പുറത്ത് പോയിരുന്നു.
ബംഗാൾ രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുള്ള മതുവ സമുദായം നിലവിൽ ബി.ജെ.പി, തൃണമൂൽ ക്യാമ്പുകളായി ചിതറിക്കിടക്കുകയാണ്. നാദിയ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ് ജില്ലകളിലെ നാല് ലോക്‌സഭാ സീറ്റുകളിലും 30-40 നിയമസഭാ സീറ്റുകളിലും സമുദായത്തിന് ഗണ്യമായ സ്വാധീനമുണ്ട്.
വിഭജന സമയത്താണ് പട്ടികജാതി ഹിന്ദു സമൂഹം പശ്ചിമ ബംഗാളിലേക്ക് കുടിയേറിയത്. കഴിഞ്ഞ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മതുവകളെ കൂടെനിർത്താൻ തൃണമൂലും ബി.ജെ.പിയും ഒരുപോലെ ശ്രമിച്ചിരുന്നു. 2021 മാർച്ചിലെ ബംഗ്ലാദേശ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമുദായ സ്ഥാപകൻ ഹരിചന്ദ് ഠാക്കൂറിന്‍റെ പൂർവിക ഗ്രാമമായ ഒറക്കണ്ടി സന്ദർശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.