ബലാത്സംഗത്തെ കുറിച്ചുള്ള അലഹബാദ് ഹൈകോടതി നിരീക്ഷണത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി; ‘സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നത്’
text_fieldsന്യൂഡൽഹി: സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടുപൊട്ടിക്കുന്നതും ബലാത്സംഗശ്രമമോ കുറ്റമോ ആയി കണക്കാക്കാൻ കഴിയില്ലെന്ന അലഹബാദ് ഹൈകോടതി നിരീക്ഷണത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി അന്നപൂർണ ദേവി.
ഹൈകോടതി വിധി അംഗീകരിക്കുന്നില്ലെന്നും സുപ്രീംകോടതി പുനഃപരിശോധിക്കണമെന്നും അന്നപൂർണദേവി ആവശ്യപ്പെട്ടു. സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഹൈകോടതിയെ ശക്തമായി വിമർശിച്ച് രാജ്യസഭ എം.പി സ്വാതി മലിവാളും രംഗത്തെത്തി. പ്രമുഖ അഭിഭാഷക ഇന്ദിര ജെയ്സിങ്ങും വിധിയെ കുറിച്ച് എക്സിൽ പ്രതികരിച്ചു.
അലഹബാദ് ഹൈകോടതി ജഡ്ജി രാം മനോഹർ നാരായൺ മിശ്രയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവാദ വിധി പ്രസ്താവിച്ചത്. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പവൻ, ആകാശ് എന്നിവരാണ് കേസിലെ പ്രതികൾ.
ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാൾ വന്നതിനെ തുടർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. ഈ കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് കീഴ്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ വിവാദ നിരീക്ഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.