ബിഹാറിനെ അവഹേളിക്കുന്ന പരാമർശം കേന്ദ്രമന്ത്രി പിൻവലിച്ചു; മാപ്പുപറയണമെന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പ്രതിപക്ഷ രോഷത്തെത്തുടർന്ന്, ബിഹാറിനെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ പരാമർശം സഭാനേതാവും കേന്ദ്ര വാണിജ്യ മന്ത്രിയുമായ പിയൂഷ് ഗോയൽ പിൻവലിച്ചു.
എന്നാൽ, പരാമർശം പിൻവലിച്ചാൽപൊരെന്നും ഗോയൽ മാപ്പുപറയണമെന്നും ആവശ്യപ്പെട്ട പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ധനവിനിയോഗ ബില്ലിന്മേൽ ബിഹാറിൽ നിന്നുള്ള ആർ.ജെ.ഡി എം.പിയും ഡൽഹി സർവകലാശാല പ്രഫസറുമായ മനോജ് ഝാ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ‘ഇവരുടെ വഴിയിലാണെങ്കിൽ രാജ്യം മുഴുവൻ ബിഹാർ ആക്കിയേനെ’ എന്നായിരുന്നു ഗോയലിന്റെ വിവാദ പരാമർശം.
പരാമർശം നടത്തിയതിനുപിന്നാലെ അപലപിച്ച മനോജ് ഝാ, കേന്ദ്രമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖറിന് കത്തെഴുതുകയും ചെയ്തു. വ്യാഴാഴ്ച, ചൈനീസ് കടന്നുകയറ്റത്തിൽ സഭാ ചർച്ചയും ബിഹാറിനെതിരായ പരാമർശത്തിൽ മന്ത്രിയുടെ മാപ്പും ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ പ്രതിഷേധം തുടരുന്നതിനിടയിലാണ് ഗോയൽ, പ്രസ്താവന പിൻവലിക്കുകയാണെന്ന് പറഞ്ഞത്.
ബിഹാറിനെയോ ബിഹാറിലെ ജനങ്ങളെയോ അവമതിക്കാനുള്ള ഉദ്ദേശ്യം തനിക്കില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന താൻ ഉടൻ പിൻവലിക്കുകയാണെന്നും ഗോയൽ തുടർന്നു. കേന്ദ്ര സർക്കാറിന്റെ നിന്ദാപരമായ സമീപനത്തിന്റെ പ്രതിഫലനമാണ് ഗോയലിന്റെ പ്രസ്താവനയെന്ന് മനോജ് ഝാ കുറ്റപ്പെടുത്തി.
ബിഹാറിനെ അവഗണിക്കുകയും ബിഹാറികളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുകയും ചെയ്യുകയാണ്. ഗോയൽ മാപ്പുപറയുന്നില്ലെങ്കിൽ, ബിഹാർ ജനതയെ അപമാനിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം ബോധപൂർവം ചെയ്തതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.