കേന്ദ്ര മന്ത്രിമാരായ സ്‌മൃതി ഇറാനിയും വി. മുരളീധരനും ഇന്ന് ജിദ്ദയിൽ
text_fieldsജിദ്ദ: കേന്ദ്ര വനിതാ ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനിയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഇന്ന് ജിദ്ദയിലെത്തും. ഇന്ത്യയിൽ നിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്. ഈ വർഷത്തെ ഇന്ത്യ, സൗദി ഉഭയകക്ഷി ഹജ്ജ് കരാർ ഒപ്പിടുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള പ്രതിനിധി സംഘത്തെ മന്ത്രി സ്‌മൃതി ഇറാനി നയിക്കും.
ഇന്ന് ജിദ്ദയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ സൗദിയും ഇന്ത്യയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വെക്കും. സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയുമായി മന്ത്രിതല സംഘം ഉഭയകക്ഷി കൂടിക്കാഴ്ചയും ചർച്ചയും നടത്തുമെന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഇറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രാ, താമസ സൗകര്യങ്ങളെക്കുറിച്ചും മറ്റും ചർച്ച ചെയ്യും. ഈ വർഷവും ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട 1,75,025 തന്നെയായിരിക്കും. നാളെ ജിദ്ദയിൽ നടക്കുന്ന മൂന്നാമത് ഹജ്ജ്, ഉംറ കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി സ്‌മൃതി ഇറാനി പങ്കെടുക്കും.
ഇന്ത്യ, സൗദി നയതന്ത്ര ബന്ധം സമീപ വർഷങ്ങളിൽ കൂടുതൽ ദൃഢത കൈവരിച്ചുവരികയാണെന്നും വിവിധ മേഖലകളിൽ നടക്കുന്ന ഇരു രാജ്യങ്ങളുടെയും സുസ്ഥിരമായ ഇടപെടൽ ഇതിനെ അടയാളപ്പെടുത്തുന്നതായും ഇന്ത്യൻ കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് ജിദ്ദ റിട്ട്സ് കാൾട്ടൻ ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സൗദിയിലെ ക്ഷണിക്കപ്പെട്ട ഇന്ത്യൻ പ്രവാസി സമൂഹത്തെയും വ്യവസായികളെയും ഇരു മന്ത്രിമാരും അഭിസംബോധന ചെയ്യുന്നുണ്ട്. ഈ പൊതുപരിപാടിയിലേക്ക് സൗദിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് ക്ഷണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.