ലഖിംപൂർ ഖേരി കർഷക കൊലക്ക് പിന്നിൽ അജയ് മിശ്ര, ഉടൻ മന്ത്രികസേരയിൽനിന്ന് പുറത്താക്കണം -യു.പി ബി.ജെ.പി നേതാവ്
text_fieldsലഖ്നോ: ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ കർഷക കൊലക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണെന്ന് ബി.ജെ.പി നേതാവ് രാം ഇഖ്ബാൽ സിങ്. കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് അജയ് മിശ്രയെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുകയും ചെയ്തു ബി.ജെ.പി നേതാവ്.
മന്ത്രിയെ പുറത്താക്കാത്തതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെയും ചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് രാം പറഞ്ഞു. ലഖിംപൂർ ഖേരി അതിക്രമത്തിന് പിന്നിൽ മിശ്രയാണ്. അദ്ദേഹത്തിന്‍റെ ഭീഷണി പ്രസ്താവന ഇന്ധനത്തിൽ തീ ചേർക്കുന്നതുപോലെയായെന്നും സിങ് ആരോപിച്ചു.
'അദ്ദേഹം തീർച്ചയായും കർഷകരോട് മാപ്പ് ചോദിക്കണം. എന്നാൽ മകനെ സംരക്ഷിക്കാനായിരുന്നു മിശ്രയുടെ ശ്രമം. ഇതുവരെ ഖേദം പ്രകടിപ്പിക്കാൻ അദ്ദേഹം തയാറായില്ല. ഈ സംഭവം മാനവികതക്ക് മങ്ങലേൽപ്പിക്കുന്നു' -സിങ് പറഞ്ഞു. യു.പിയിലെ ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് സിങ്.
'അദ്ദേഹത്തിന്‍റെ മകൻ കർഷകരെ കാർ കയറ്റികൊന്നു. സുപ്രീംകോടതിയുടെ നിർദേശം വന്നതിന് ശേഷം മാത്രമായിരുന്നു ആശിഷ് മിശ്രയുടെ അറസ്റ്റ്. പക്ഷേ അജയ് മിശ്ര ഇപ്പോഴും മന്ത്രികസേരയിൽ തുടരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തന്നെ അദ്ദേഹത്തെ പുറത്താക്കണം -സിങ് പറഞ്ഞു.
ലഖിംപൂർ ഖേരി സംഭവവും ഗൊരഖ്പൂരിലെ ബിസിനസുകാരന്‍റെ കൊലപാതകവും ബി.ജെ.പി സർക്കാറിന് മങ്ങലേൽപ്പിച്ചു. ലഖിംപൂർ സംഭവത്തിൽ ബി.ജെ.പി പ്രവർത്തകരും മരിച്ചിരുന്നു. അവരെയും സർക്കാറുകൾ പരിഗണിക്കണം -സിങ് പറഞ്ഞു.
'ഈ സംഭവത്തിൽ സർക്കാരിന്‍റെ അലംഭാവം കാരണം സംസ്ഥാനത്തെ മുഴുവൻ ബി.ജെ.പി പ്രവർത്തകരും രോഷാകുലരാണ്. കർഷകരെപ്പോലെതന്നെ കൊല്ലപ്പെട്ട പ്രവർത്തകർക്കും സർക്കാർ ധനസഹായം പ്രഖ്യാപിക്കുകയും ബന്ധുക്കൾക്ക് ജോലി നൽകുകയും വേണം' -സിങ്ങ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.