‘ഇൻഡ്യ’യിൽ പിളർപ്പ്; ലഡാക്കിൽ ത്രികോണ മത്സരം
text_fieldsകാർഗിൽ: തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നടക്കുന്നത് ശക്തമായ ത്രികോണ മത്സരം. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള മത്സരമായിരുന്നു ഇവിടെ പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും ഇൻഡ്യ മുന്നണിയുടെ ഭാഗമായ നാഷനൽ കോൺഫറൻസി (എൻ.സി)ലുണ്ടായ അവിചാരിത ‘പിളർപ്പാ’ണ് കാര്യങ്ങൾ ത്രികോണമത്സരത്തിലേക്ക് എത്തിച്ചത്. കോൺഗ്രസിനുവേണ്ടി തെസ്റിങ് നംഗ്യാലാണ് മത്സരിക്കുന്നത്. താഷി ഗ്യാൽസോണിനെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. അടുത്തിടെ, എൻ.സിയിൽനിന്ന് രാജിവെച്ചിറങ്ങിയ മുഹമ്മദ് ഹനീഫ് ജാൻ സ്വതന്ത്രനായും ഗോദയിലുണ്ട്.
കാർഗിൽ, ലഡാക്ക് എന്നീ മേഖലകളുൾപ്പെടുന്നതാണ് ഈ മണ്ഡലം. ഇൻഡ്യ മുന്നണിയിലെ ധാരണപ്രകാരം സീറ്റ് കോൺഗ്രസിനായിരുന്നു. ലഡാക്കിലെ ലേഹിൽനിന്നുള്ള നംഗ്യാലിനെ പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് എൻ.സിയിലെ ഒരു വിഭാഗം നേതാക്കൾ ചോദ്യം ചെയ്തു. കാർഗിൽ മേഖലക്ക് പ്രാതിനിധ്യം കിട്ടിയില്ലെന്നാരോപിച്ച് എൻ.സിയുടെ കാർഗിൽ ഘടകം ഒന്നാകെ ഹനീഫ് ജാനൊപ്പം രാജിവെച്ചിറങ്ങി. ഹനീഫ് ജാൻ ഉടൻതന്നെ സ്ഥാനാർഥി പ്രഖ്യാപനംകൂടി നടത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. 1.84 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 95,000 പേരും കാർഗിലിൽനിന്നുള്ളവരാണ്. 89,000 പേർ ലഡാക്കിൽനിന്നുള്ളവരും. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും സ്ഥാനാർഥികൾ ലേഹിൽനിന്നുള്ളവരാണ്. മണ്ഡലത്തിൽ പ്രാദേശിക വികാരം ശക്തമായിരിക്കെ, നിലവിലെ സാഹചര്യം ഹനീഫ് ജാന്‍ അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസിന്റെ കാർഗിൽ പ്രാദേശിക യൂനിറ്റ് ഹനീഫ് ജാന്‍ ഇതിനകം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.