റോഡിലെ പടുകുഴി ബീച്ചാക്കി മാറ്റി; വെയിലുകാഞ്ഞും സൊറ പറഞ്ഞും നാട്ടുകാർ
text_fieldsഅധികാരികളുടെ കെടുകാര്യസ്ഥതയിൽ പൊറുതിമുട്ടിയ നാട്ടുകാർ വ്യത്യസ്ഥമായൊരു പ്രതിഷേധവുമായി രംഗത്ത്. മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലാണ് സംഭവം. അനുപ്പൂരിനും ബിജുരി മനേന്ദ്രഗഢിനുമിടയിലുള്ള റോഡ് മാസങ്ങളായി തകർച്ചയിലാണ്. എന്നാൽ അധികൃതർ ഇത് പരിഗണിക്കുകയോ റോഡ് അറ്റകുറ്റപ്പണി ചെയ്യുകയോ ഉണ്ടായില്ല. മധ്യപ്രദേശ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് റോഡ് തകർച്ച മാധ്യമ ശ്രദ്ധയിൽക്കൊണ്ടുവരാൻ നാട്ടുകാർ തീരുമാനിച്ചത്.
തുടർന്ന് പ്രദേശവാസികൾ ഒന്നിച്ച് റോഡിലെ കൂറ്റൻ കുഴി ബീച്ചാക്കി മാറ്റുകയായിരുന്നു. റോഡിന്റെ വശങ്ങളിൽ ചെടികൾ വച്ചുപിടിപ്പിച്ചും ബഞ്ചുകളും ഭക്ഷണ ശാലകളും സ്ഥാപിച്ചുമാണ് ഇവർ കടൽത്തീരത്തിന്റെ പ്രതീതി സൃഷ്ടിച്ചത്. പ്രതിഷേധക്കാർ ഒരു വലിയ കുഴിക്ക് നടുവിൽ കസേരകൾ ക്രമീകരിക്കുകയും വെള്ളക്കെട്ടിനുള്ളിൽ ഇരുന്ന് ലഘുഭക്ഷണം ആസ്വദിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകനായ രവീഷ് പാൽ സിങ് ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സംഗതി വൈറലായത്. മധ്യപ്രദേശിൽ പോലും ഇപ്പോൾ നിങ്ങൾക്ക് ഒരു ബീച്ചിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താമെന്ന് രവീഷ് പാൽ ട്വീറ്റിൽ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കുഴികൾ നിറഞ്ഞ റോഡിൽ വെള്ളം നിറഞ്ഞത് പ്രദേശവാസികളുടെ യാത്രാദുരിതം വർധിപ്പിച്ചിരുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കൽക്കരി കയറ്റുന്ന വലിയ ഡമ്പറുകൾ പതിവായി ഈ റോഡിലൂടെ ഓടുന്നതും റോഡിന്റെ അവസ്ഥ മോശമാകാൻ കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.