പ്രതിപക്ഷം ഒന്നിച്ചാൽ മോദിക്ക് വാരാണസി പോലും നഷ്ടമാവും -രാഹുൽ
text_fieldsബംഗളൂരു: 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒന്നിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാരാണസി സീറ്റ് പോലും നഷ്ടമാവുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബംഗളൂരുവിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയായ ജനാശീർവാദ യാത്രയുടെ സമാപനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.പിയും ബി.എസ്.പിയും മോദിക്കെതിരെ ഒന്നിച്ചത് സൂചിപ്പിച്ച രാഹുൽ ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ െഎക്യത്തിെൻറ ആവശ്യകത ചൂണ്ടിക്കാട്ടുകയായിരുന്നു.
കോൺഗ്രസും സമാജ്വാദി പാർട്ടിയും കൈകോർത്താൽ മോദിയുടെ പാടിപ്പുകഴ്ത്തിയ വാരാണസി സീറ്റും പോവും. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയസാധ്യത കാണുന്നില്ല. പ്രതിപക്ഷ െഎക്യനീക്കം സജീവമായതും അത് ലക്ഷ്യത്തിലേക്കെത്തുന്നതുംതന്നെയാണ് അതിന് കാരണം. യു.പിയിലെയും ബിഹാറിലെയും സഖ്യങ്ങളും തമിഴ്നാട്ടിൽ ഡി.എം.കെ, തൃണമൂൽ, എൻ.സി.പി സഖ്യനീക്കങ്ങളും ചൂണ്ടിക്കാട്ടിയ രാഹുൽ എവിടെയാണ് ബി.ജെ.പി ഇനി വിജയിക്കാൻ പോകുന്നതെന്ന് ചോദിച്ചു. രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നിവ ഞങ്ങൾ നേടും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിങ്ങൾ കാണാത്ത ബി.ജെ.പിയുടെ വൻ പതനത്തിനാണ് അവസരമൊരുങ്ങുന്നത്^ അദ്ദേഹം പറഞ്ഞു.
വിവിധ ചിന്താധാരയുള്ള രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും െഎക്യം സാധ്യമാണോ എന്ന ചോദ്യത്തിന് ഞങ്ങൾ അത് മാനേജ് ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. ജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോൺഗ്രസിലുള്ളവർക്കറിയാം. ഇൗഗോ വെച്ചുപുലർത്തുന്നവരല്ല ഞങ്ങൾ. ജനങ്ങളെ അടിച്ചമർത്തുകയോ ജനജീവിതത്തെ ദുരന്തത്തിലേക്കെറിയുന്നവരോ അല്ല. അതുകൊണ്ട് ഞങ്ങൾക്കത് കൈകാര്യം ചെയ്യാൻ കഴിയും. മോദിയിൽനിന്നും ആർ.എസ്.എസിൽനിന്നും ഇന്ത്യയെ രക്ഷിക്കുകയാണ് പ്രഥമ ലക്ഷ്യം. എന്നാൽ, മൂന്നാം മുന്നണി സാധ്യത രാഹുൽ തള്ളിക്കളഞ്ഞു. ആർ.എസ്.എസ് രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയും ജനങ്ങൾ സത്യം പറയുന്നതിെൻറ പേരിൽ അവരെ കൊന്നൊടുക്കുകയുമാണ്. ഇതവസാനിപ്പിക്കണം.
യു.പിയിലെ സഖ്യം തകർക്കാനാവുമെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസം വെറുതെയാണ്. യു.പിയിലെ രാഷ്ട്രീയം അറിയാതെയാണ് ബി.ജെ.പി അത് പറയുന്നത്. എസ്.പിയും ബി.എസ്.പിയും കോൺഗ്രസും ഒന്നിച്ചാൽ യു.പിയിൽ ബി.ജെ.പിക്ക് രണ്ടേ രണ്ടു സീറ്റ് മാത്രമേ കിട്ടൂ; അതും ഭാഗ്യമുണ്ടെങ്കിൽ മാത്രം. 2014 ലെ തെരഞ്ഞെടുപ്പിന് ശേഷം മോദിയുടെ മുന്നിൽ വലിയ അവസരങ്ങളുണ്ടായിരുന്നെന്നും രാജ്യത്തിനുവേണ്ടി പലതും ചെയ്യാനുണ്ടായിരുന്നു. ജനങ്ങളെ കേൾക്കാതെ ഒറ്റക്ക് ഇൗ രാജ്യത്തെ മോദിക്ക് ഭരിക്കാനാവില്ല.
ബസവണ്ണയുടെയും അംബേദ്കറുടെയും പ്രതിമകൾക്കുമുന്നിൽനിന്ന് മോദി അവരെ പുകഴ്ത്തുന്നു. എന്നാൽ, അവർ നിലകൊണ്ടതെന്തിനാണോ അതിനെ തകർക്കുകയും ചെയ്യുന്നു. കർണാടകയുടെ ആശയങ്ങളുടെ പ്രതിനിധിയാണ് ബസവണ്ണ. നിങ്ങൾക്ക് അദ്ദേഹത്തിെൻറ പ്രതിമക്കുമുന്നിൽ എത്ര വേണമെങ്കിലും നിൽക്കാം. എന്നാൽ, ആ ആശയങ്ങളെ തകർക്കാനാവില്ലെന്നും മോദിയോടായി രാഹുൽ പറഞ്ഞു.
ജനാശീർവാദ യാത്രക്ക് സമാപനം; ജനമനസ്സുകളിലേക്ക് ചുവടുവെച്ച് രാഹുൽ
നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താൻ അങ്കത്തിനിറങ്ങുന്ന കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയായ ജനാശീർവാദ യാത്രക്ക് ഉജ്ജ്വല സമാപനം. ഒന്നരമാസം നീണ്ട സംസ്ഥാന പര്യടനത്തിനിടെ നിരവധി രാഷ്ട്രീയ വിവാദങ്ങളും വാഗ്വാദങ്ങളും അരങ്ങേറിയെങ്കിലും ഞായറാഴ്ച ബംഗളൂരുവിൽ സമാപിച്ച റാലി കോൺഗ്രസിന് ഏറെ ആത്മവിശ്വാസമാണ് നൽകുന്നത്. വിവിധ ഘട്ടങ്ങളിലായി ആറുതവണയാണ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി റാലികളിൽ പങ്കുചേർന്നത്. മുഖ്യ എതിരാളികളായ ബി.ജെ.പിയുടെ തന്ത്രങ്ങളെയും മോദി-അമിത് ഷാ കൂട്ടുകെട്ടിെൻറ പ്രചാരണങ്ങളെയും അദ്ദേഹം പൊളിച്ചടുക്കുന്നതിനും ജനാശീർവാദ യാത്ര വേദിയായി. ഞായറാഴ്ച ബംഗളൂരു പാലസ് മൈതാനത്ത് നടന്ന സമാപനറാലിയിലും രാഹുൽ രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പിക്കും മോദിക്കുമെതിരെ പ്രതികരിച്ചത്.
രാവിലെ ബി.ബി.എം.പി ശുചീകരണ തൊഴിലാളികളുമായുള്ള സംവാദത്തോടെയായിരുന്നു രാഹുൽഗാന്ധിയുടെ പര്യടനത്തിെൻറ തുടക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡൻറ്് ജി. പരമേശ്വര, വർക്കിങ് പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു, മന്ത്രിമാരായ കെ.ജെ. ജോർജ്, എസ്.ആർ. പാട്ടീൽ, മേയർ ആർ. സമ്പത്ത്രാജ്, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. വേദിയിൽനിന്നന് കസേരയുമായി ഇറങ്ങി തൊഴിലാളികൾക്കിടയിലിരുന്നായിരുന്നു രാഹുൽ അവരുെട പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞത്. ഇതോടെ മറ്റു നേതാക്കളും താഴെയിറങ്ങി.
വരുന്ന അഞ്ചുവർഷക്കാലം നിങ്ങൾ എന്താണ് സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നതെന്ന രാഹുലിെൻറ ചോദ്യത്തിന് തങ്ങളുടെ ജോലി സ്ഥിരപ്പെടുത്തണമെന്നായിരുന്നു അവരുടെ ഒരേ സ്വരത്തിലുള്ള ആവശ്യം. തങ്ങളുടെ വേതനം 7,500ൽ നിന്ന് 18,000 ആക്കി ഉയർത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നന്ദിപറയാനും അവർ മറന്നില്ല. ചടങ്ങിന് ശേഷം അവരോട് സന്തോഷം പങ്കിട്ടും ഫോേട്ടാക്ക് പോസ് ചെയ്തും രാഹുൽ തൊഴിലാളികളുടെ മനം കവരുകയും ചെയ്തു.
ഉച്ചക്കുശേഷം ഒൗദ്യോഗിക പരിപാടികൾ വിട്ട് നഗര സർക്കീട്ടായിരുന്നു രാഹുലിന്. വിധാൻ സൗധ മെട്രോ സ്റ്റേഷനിൽനിന്ന് എം.ജി റോഡ്വരെ മെട്രോ ട്രെയിനിലായിരുന്നു യാത്ര. രാഹുലിെൻറയും മറ്റു നേതാക്കളുടെയും ടിക്കറ്റുകൾ സിദ്ധരാമയ്യയാണ് എടുത്തത്. തിരക്കുള്ള ട്രെയിനിൽ എല്ലാവരും നിന്നുതന്നെ യാത്ര ചെയ്തു. ഇടക്ക് ചിലരോടൊപ്പം സെൽഫിക്കും പോസ് ചെയ്തു. എം.ജി റോഡിലെ പുസ്തക വിൽപനശാലയിൽ കയറിയ രാഹുൽ പുസ്തകങ്ങൾ വാങ്ങാനും മറന്നില്ല.
ൈവകീട്ട് പാലസ് മൈതാനത്തെ റാലിക്കായി ജനമൊഴുകിയപ്പോൾ അക്ഷരാർഥത്തിൽ നഗരം മണിക്കൂറുകളോളം സ്തംഭിച്ചു. ബംഗളൂരുവിനെയും കർണാടകയെയും വാരിക്കോരി പുകഴ്ത്തിയും ബസവതത്ത്വങ്ങളെയാണ് കോൺഗ്രസ് പിന്തുടരുന്നതെന്ന് വ്യക്തമാക്കിയും പ്രസംഗം തുടർന്ന രാഹുൽ, അഴിമതിക്ക് അവസരമൊരുക്കുന്ന മോദി ഭരണകൂടത്തെയും വിദ്വേഷംപരത്തുന്ന സംഘ്പരിവാർ രാഷ്ട്രീയത്തെയും രൂക്ഷമായി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.