മണിപ്പൂരിൽ അജ്ഞാതർ സർക്കാർ ആശുപത്രി കത്തിച്ചു
text_fieldsഇംഫാൽ/ഷില്ലോങ്: വംശീയ സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ അജ്ഞാതർ സർക്കാർ ആശുപത്രി കത്തിച്ചു. ജിരിബം ജില്ലയിൽ ബോറോബെക്ര മേഖലയിൽ വ്യാഴാഴ്ച രാവിലെ പൊലീസ് ഔട്ട്പോസ്റ്റിന് സമീപമുള്ള പ്രാഥമിക ആരോഗ്യകേന്ദ്രമാണ് കത്തിച്ചത്. ഇവിടെ ആരുമില്ലായിരുന്നു. സുരക്ഷസേന ഉടൻ സ്ഥലത്തെത്തി.
ജിരിബം ജില്ലയിൽ ഈ മാസം ഏഴിന് നടന്ന അക്രമത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. വംശീയകലാപം പടരാതിരുന്ന ജിരിബം ജില്ലയിൽ ജൂണിൽ 59കാരൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘർഷം തുടങ്ങിയത്. കഴിഞ്ഞവർഷം മേയിൽ മെയ്തി- കുക്കി വിഭാഗക്കാർ തമ്മിൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 200ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, മണിപ്പൂരിലെ വംശീയ സംഘർഷം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് നോർത്ത് ഈസ്റ്റ് സ്റ്റുഡൻസ് യൂനിയൻ (എൻ.ഇ.എസ്.ഒ) ആവശ്യപ്പെട്ടു.
സംഘർഷം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് മണിപ്പൂരിന്റെ സുസ്ഥിരതയെ തുരങ്കംവെക്കുന്നുവെന്ന് മാത്രമല്ല വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയുമാണ്. സംഘർഷം തുടങ്ങിയശേഷം മണിപ്പൂർ സന്ദർശിക്കാതിരുന്ന പ്രധാനമന്ത്രിയുടെ ദീർഘകാല മൗനം അക്രമം വർധിക്കാൻ ഇടയാക്കിയെന്ന് സംഘടനയുടെ ചെയർമാൻ സാമുവൽ ജിർവ പറഞ്ഞു.
മണിപ്പൂർ ജനത സമാധാനം അർഹിക്കുന്നുണ്ട്. പരസ്പര ധാരണയിലൂടെയും അഹിംസയിലൂടെയും മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ മേഖലയിലെ വിദ്യാർഥി സംഘടനകളുടെ കൂട്ടയ്മയാണ് നോർത്ത് ഈസ്റ്റ് സ്റ്റുഡൻസ് യൂനിയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.