യു.പിയിലെ മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റിലായയാൾക്ക് ജാമ്യം നിഷേധിച്ച് കോടതി
text_fieldsലഖ്നോ: യു.പിയിലെ മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റിലായ ആൾക്ക് ജാമ്യം നിഷേധിച്ച് അലഹബാദ് ഹൈകോടതി. 21കാരിയായ ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ച ജാവേദിന്‍റെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കൾ 15(1) പ്രകാരം മതപരിവർത്തനം നിയമവിരുദ്ധമല്ല. എന്നാൽ, നിർബന്ധിത മതപരിവർത്തനം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എസ്.കെ യാദവാണ് ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചത്. 2020 നവംബർ 17ന് പെൺകുട്ടി മാർക്കറ്റിലെത്തിയപ്പോൾ ജാവേദും രണ്ട് സഹോദരൻമാരും ചേർന്ന് തട്ടിക്കൊണ്ട് പോയെന്നാണ് പരാതി. നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിക്കാനാണ് തട്ടികൊണ്ട് പോയതെന്നും പിതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
നവംബർ 25നാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്. മജിസ്ട്രേറ്റിന് മുമ്പാകെ പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. നവംബർ 17ന് തന്നെ തട്ടിക്കൊണ്ട് പോയെന്നും കർകാർദൂമ കോടതിയിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തിച്ച് ചില രേഖകളിൽ ഒപ്പുവെപ്പിച്ചുവെന്നുമാണ് പെൺകുട്ടിയുടെ മൊഴി. തനിക്ക് ലഹരിവസ്തു നൽകിയെന്നും അർധ ബോധാവസ്ഥയിലാണ് അഭിഭാഷകന്‍റെ ഓഫീസിലേക്ക് എത്തിയതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.