അവിവാഹിതയായ സ്ത്രീക്ക് അബോർഷൻ അവകാശം നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി
text_fieldsഅവിവാഹിതയായതിനാൽ ഗർഭം അലസിപ്പിക്കാനുള്ള അവസരം ഒരു സ്ത്രീക്ക് നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യാഴാഴ്ച വിധിച്ചു. 2021ൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമത്തിൽ വരുത്തിയ ഭേദഗതിയിൽ അവിവാഹിതരായ സ്ത്രീകളെയും ഉൾപ്പെടുത്താൻ ഭർത്താവിന് പകരം പങ്കാളി എന്ന പദം ഉപയോഗിച്ചതായി ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
വൈവാഹിക ബന്ധങ്ങൾ മാത്രമാകരുത് ഇതിനുള്ള മാനദണ്ഡമെന്നും വിധവക്കും വിവാഹമോചിതയായ സ്ത്രീക്കും 20-24 ആഴ്ചയായ ഗർഭം വേണ്ടെന്ന് വെക്കാനുള്ള അവകാശമുണ്ടെന്നും കോടതി ഓർമിപ്പിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധം കണക്കിലെടുത്ത് 24 ആഴ്ചത്തെ ഭ്രൂണം ഇല്ലാതാക്കാനുള്ള തന്റെ അപേക്ഷ നിരസിച്ച ജൂലൈ 16ലെ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് 25കാരിയായ അവിവാഹിത നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
"ഹരജിക്കാരിയെ അവൾ ആഗ്രഹിക്കാത്ത ഗർഭധാരണത്തിന് നിർബന്ധിക്കുന്നത് പാർലമെന്ററി ഉദ്ദേശ്യത്തിന് വിരുദ്ധമാകും. അവിവാഹിതയായതിന്റെ അടിസ്ഥാനത്തിൽ മാത്രം അവൾക്ക് ഈ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ല. വിവാഹിതയും അവിവാഹിതയായ സ്ത്രീയും തമ്മിലുള്ള വ്യത്യാസത്തിന് വസ്തുതയുമായി യാതൊരു ബന്ധവുമില്ല" -ബെഞ്ച് പറഞ്ഞു.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രേഗ്നൻസി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം യുവതിയുടെ ജീവൻ അപകടത്തിലാക്കാതെ അവളുടെ ഗർഭം സുരക്ഷിതമായി അവസാനിപ്പിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ വെള്ളിയാഴ്ച ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ എയിംസ് ഡൽഹി മേധാവിയോട് കോടതി നിർദ്ദേശിച്ചു.
നിയമത്തിലെ വ്യവസ്ഥകൾ വ്യാഖ്യാനിച്ച് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസും അയച്ചിട്ടുണ്ട്. തന്റെ പങ്കാളി തന്നെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനാൽ കുട്ടിയെ വളർത്തുന്നത് ബുദ്ധിമുട്ടാണെന്ന് യുവതി ഹരജിയിൽ പറഞ്ഞു. കർഷകരായ മാതാപിതാക്കളുടെ അഞ്ച് സഹോദരങ്ങളിൽ ഒരാളാണ് താനെന്നും അവർ പറഞ്ഞു. അവിവാഹിതയായി കുഞ്ഞിന് ജന്മം നൽകുന്നതിനു പുറമേ, ബഹിഷ്കരണത്തിന് വിധേയമാക്കുകയും അവളുടെ മാനസിക വേദനക്ക് കാരണമാവുകയും ചെയ്യും. താൻ ഒരു ആർട്സ് ബിരുദധാരിയും ജോലി ഇല്ലാത്ത ആളുമാണ്. അതിനാൽ കുട്ടിയെ വളർത്താൻ മതിയായ മാർഗം തനിക്ക് ലഭിക്കില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.