ഉന്നാവിൽ മരിച്ച രണ്ട് ദലിത് പെൺകുട്ടികളുടേയും മൃതദേഹങ്ങൾ സംസ്കരിച്ചു
text_fieldsലഖ്നോ: ഉന്നാവിൽ വയലിൽ വച്ച് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് ദലിത് പെൺകുട്ടികളുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച സംസ്കരിച്ചു. പൊലീസിന്‍റെയും പ്രാദേശിക അധികാരികളുടെയും വലിയ സംഘത്തെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
വീട്ടിൽ നിന്ന് അകലെയല്ലാത്ത സ്ഥലത്ത് പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മൃതദേഹം ചിതയിലേക്കെടുത്തപ്പോൾ പെൺകുട്ടികളിലൊരാളുടെ പിതാവ് ബോധരഹിതനായി വീണു. ഇദ്ദേഹത്തെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ചയാണ് പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളേയും വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ കാൺപൂർ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടികളുടെ വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു.
പെൺകുട്ടികൾ വീട്ടിൽനിന്ന് വയലിലേക്ക് പോയ വഴിയെല്ലാം ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. മരണ കാരണം വ്യക്തമല്ല. ആന്തരാവയവങ്ങൾ രാസപരിശോധനക്ക് അയക്കും. പെൺകുട്ടികൾ മരിച്ചു കിടന്ന വയൽ പ്രദേശത്തു നിന്ന് തെളിവ് കണ്ടെത്താനുള്ള പരിശോധനകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.