ഉന്നാവ് ‘കത്തുേമ്പാൾ’ നിശാക്ലബ് ഉദ്ഘാടനംചെയ്ത് സ്ഥലം എം.പി സാക്ഷി മഹാരാജ്
text_fieldsഉന്നാവ്: യു.പിയിലെ ഉന്നാവിൽ നിന്നുള്ള ബി.ജെ.പി പാർലമെൻറംഗം സാക്ഷി മഹാരാജ് നിശാക്ലബ് ഉദ്ഘാടനം ചെയ്ത് വിവാദത്തിൽ. ഉന്നാവിൽ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുകയും ബി.ജെ.പി എം.എൽ.എ കേസിൽ പിടിയിലാവുകയും ചെയ്ത സന്ദർഭത്തിൽ, മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗത്തിെൻറ പ്രവൃത്തി സാമൂഹികമാധ്യമങ്ങളിലടക്കം വിമർശനത്തിനിടയാക്കി.
ലഖ്നോവിലെ അലിഗഞ്ച് എന്ന സ്ഥലത്തെ നിശാക്ലബ് വേദിയിലാണ് സന്യാസ വേഷം ധരിച്ചു മാത്രം പ്രത്യക്ഷപ്പെടുന്ന അദ്ദേഹം ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തത്. എന്നാൽ, റസ്റ്റാറൻറ് ഉദ്ഘാടനമാണെന്ന് കബളിപ്പിച്ചാണ് ചടങ്ങിനെത്തിച്ചതെന്നും മദ്യം വിളമ്പുന്ന സ്ഥലമാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് എം.പിയുടെ സഹായി സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.
തീവ്രഹിന്ദുത്വ നിലപാടുകൾകൊണ്ട് വിവാദനായകനായ സാക്ഷി മഹാരാജ് വിഷയത്തിൽ നേരിട്ട് പ്രതികരിച്ചിട്ടില്ല. ഡൽഹിയിലേക്ക് പോകാനിരിക്കെ പാർട്ടി മുതിർന്ന നേതാവ് ഒരു ചടങ്ങിന് ക്ഷണിച്ച് കൊണ്ടുപോവുകയായിരുന്നെന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചിരുന്നില്ലെന്നും എം.പിയുടെ സഹായി അശോക് കത്യാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംഭവം വിവാദമായതോടെ നിശാക്ലബ് ഉടമ തങ്ങളുടേത് വെജിറ്റേറിയൻ ഭക്ഷണം മാത്രം വിതരണം ചെയ്യുന്ന റസ്റ്റാറൻറ് ആണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, ക്ഷണക്കത്തിൽ നിശാക്ലബ് എന്ന് ചേർത്തതിനെപ്പറ്റി ചോദിച്ചപ്പോൾ അക്ഷരത്തെറ്റ് പറ്റിയതാണെന്നായിരുന്നു ഉടമയുടെ പ്രതികരണം. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളും സാക്ഷി മഹാരാജിനെതിരെ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.