ഉന്നാവ് കേസ്: ബി.ജെ.പി. മുൻ എം.എൽ.എക്ക് ശിക്ഷ വെള്ളിയാഴ്ച
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ യു.പിയിലെ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിങ് സെംഗാറിന് ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ശിക്ഷ സംബന്ധിച്ച വാദം കേട്ട തീസ് ഹസാരി ശിക്ഷ വിധിക്കുന്നത് ഡിസംബർ 20ലേക്ക് മാറ്റുകയായിരുന്നു. 2017 തെരഞ്ഞെടുപ്പിൽ കുൽദീപ് സെംഗാർ നൽകിയ സത്യാവാങ്മൂലത്തിെൻറ പകർപ്പ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
തിങ്കളാഴ്ചയാണ് സെംഗാർ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. ബലാത്സംഗത്തിനുപുറമെ, പോക്സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസുണ്ട്. സെംഗാറിനെതിരെ ചുമത്തിയ വകുപ്പുകൾ പ്രകാരം പരമാവധി ലഭിക്കാനിടയുള്ളത് ജീവപര്യന്തം തടവാണ്. കേസിൽ സെംഗാറിനൊപ്പം പ്രതിചേർക്കപ്പെട്ട ശശി സിങ്ങിനെ ജില്ല ജഡ്ജി ധർമേശ് ശർമ കുറ്റമുക്തനാക്കിയിരുന്നു.
യു.പിയിലെ ബംഗർമൗ മണ്ഡലത്തെ നാലുതവണ പ്രതിനിധീകരിച്ച വ്യക്തിയാണ് പ്രതി സെംഗാർ. ബലാത്സംഗ കേസിലും തുടർന്ന് പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിലും ഇയാളുടെ പങ്ക് പകൽപോലെ വ്യക്തമായിട്ടും ബി.ജെ.പി ചെറുവിരൽ അനക്കാത്തതിനെ തുടർന്ന് പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ആഗസ്റ്റിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
13 പ്രോസിക്യൂഷൻ സാക്ഷികളെയും ഒമ്പത് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. പെൺകുട്ടിയുടെ അമ്മയും അമ്മാവനുമാണ് പ്രധാന സാക്ഷികൾ. ഡൽഹി എയിംസിൽ പെൺകുട്ടി ചികിത്സയിലായിരിക്കെ മൊഴിയെടുക്കാൻ ആശുപത്രിയിൽ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു. പെൺകുട്ടിയുടെ കത്ത് പരിഗണിച്ച് അഞ്ച് കേസുകളും സുപ്രീംകോടതിയാണ് ഡൽഹി കോടതിയിലേക്ക് മാറ്റിയത്.
കൂട്ടബലാത്സംഗം, വാഹനമിടിപ്പിച്ച് െകാല്ലാൻ ശ്രമിക്കൽ, പിതാവിെന അന്യായമായി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തൽ തുടങ്ങി മറ്റു നാലു കേസുകളിലെ വിചാരണ കോടതിയിൽ പുരോഗമിക്കുകയാണ്. 2019 ജൂലൈ 28ന് പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തിൽ നമ്പർ പ്ലേറ്റില്ലാത്ത ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിച്ചിരുന്നു. പെൺകുട്ടിയും കുടുംബവും ഇപ്പോൾ ഡൽഹിയിൽ സി.ആർ.പി.എഫ് സുരക്ഷയിലാണ് കഴിയുന്നത്.
സെംഗാറിന് ജീവപര്യന്തം നൽകണമെന്ന് സി.ബി.ഐ
ന്യൂഡൽഹി: ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഡൽഹി കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി കുൽദീപ് സിങ് സെംഗാറിന് ജീവപര്യന്തം തടവുശിക്ഷ നൽകണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു.
നീതിക്കുവേണ്ടി, വ്യക്തി വ്യവസ്ഥക്കെതിരെ നടത്തിയ പോരാട്ടമാണിതെന്ന് അന്വേഷണ ഏജൻസി ജില്ല ജഡ്ജി ധർമേശ് ശർമ മുമ്പാകെ പറഞ്ഞു. പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുന്നയിച്ചു. യു.പിയിൽ ബി.ജെ.പി ടിക്കറ്റിൽ ജയിച്ച എം.എൽ.എ ആണ് െസംഗാർ.
കേസിലെ പെൺകുട്ടിയെ വാഹനമിടിപ്പിച്ച് കൊല്ലാൻ നടത്തിയ സംഭവം രാജ്യമാകെ ചർച്ചയായ ശേഷമാണ് ബി.ജെ.പി െസംഗാറിനെ പുറത്താക്കിയത്. െസംഗാറിെൻറ ശിക്ഷ സംബന്ധിച്ച വാദം കോടതി ഈ മാസം 20ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.