അനാചാര കൂരകളിൽ നവജാത ശിശുക്കൾ നനയുന്നു; കണ്ണീരോടെ അമ്മമാർ
text_fieldsബംഗളൂരു: ആർത്തവ, പ്രസവാനന്തര കാലം തുമകുരു ജില്ലയിൽ ബിസാഡിഹള്ളി ഗ്രാമത്തിലെ സ്ത്രീകൾക്ക് ദുരിതം. കഡുഗൊള്ള സമുദായക്കാരി പ്രസവിച്ചാൽ പിന്നെയുള്ള മൂന്നുമാസം വീട്ടിൽ കയറ്റില്ല. ആർത്തവകാരികൾക്ക് മൂന്നു ദിവസമാണ് അയിത്തം. സംസ്ഥാന ആസ്ഥാനത്ത് നിന്ന് റോഡ് മാർഗം ഒന്നര മണിക്കൂർ സഞ്ചരിച്ചാൽ അനാചാരത്തിന്റെ കൂരകളിൽ പാർക്കുന്ന ചോരപ്പൈതങ്ങളുടെ കരച്ചിലും മുലയൂട്ടുന്ന അമ്മമാരുടെ തേങ്ങലും കേൾക്കാം. സർക്കാർ പണിത കൃഷ്ണ കുടീരങ്ങളുടെ തറയിലും കാണാം കണ്ണീരും അമ്മിഞ്ഞയും ഒരേസമയം ചുരത്തുന്ന സ്ത്രീകളെ. ഇവരെല്ലാം പ്രസവം വരെ അവരവരുടെ വീടകങ്ങളിലെ സൗകര്യങ്ങളിൽ കഴിഞ്ഞവർ. തൊവിനക്കര പഞ്ചായത്തിൽ ഈ സമുദായത്തിലെ 50 കുടുംബങ്ങളുണ്ട്.
ഈ വീടുകളിൽ ഒന്നിലെ 19കാരി രചിത കന്നിപ്രസവത്തിലെ കൺമണിയുമായി കൃഷ്ണ കുടീര കെട്ടിടത്തിന്റെ തറയിൽ തൊണ്ണൂറ് ദിനങ്ങൾക്കപ്പുറത്തെ പ്രഭാതം സ്വപ്നംകണ്ട് ദുരിതം താണ്ടുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കരയുമ്പോൾ അനാചാര വിലക്ക് മുറിച്ച് വീട്ടിലേക്ക് ചെല്ലൂ എന്ന് മനസ്സ് കലഹിക്കും. അത് മൂലം ഉറ്റവർക്ക് സംഭവിക്കാവുന്ന അപായം ഓർത്ത് ശാന്തതയിലേക്ക് ചായും.
തലമുറകൾ മാറി മാറി വന്നിട്ടും തുടച്ചുനീക്കാനാകാത്ത അനാചാരം തുടരുകയാണെന്ന് ആരോഗ്യ പ്രവർത്തകൻ ഡോ. ദിവാകർ പറഞ്ഞു. നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തി. ഫലമുണ്ടായില്ല. കഴിഞ്ഞ ആഗസ്റ്റിൽ കോരിച്ചൊരിയുന്ന മഴയത്ത് ഒറ്റമുറി കൂരയിൽ അമ്മക്കൊപ്പം കഴിഞ്ഞ പിഞ്ചു കുഞ്ഞ് തണുത്ത് വിറച്ച് മരിച്ചിരുന്നു. വീടുകളിൽനിന്ന് അകറ്റി നിർത്തുന്ന ഈ കാലം പ്രതികൂല കാലാവസ്ഥ ബാധിക്കുകയോ മൃഗങ്ങളുടെ ആക്രമണം ഉണ്ടാവുകയോ ഇല്ലെന്നാണ് സമുദായക്കാരുട വിശ്വാസം. എന്നാൽ കൂരകളിൽ പാമ്പുകളുടേയും സമീപകാലത്തായി നായ്ക്കളുടെയും ഭീഷണിയുണ്ടെന്ന് ഡോക്ടർ പറഞ്ഞു.ഈ ആചാരം ഒന്ന് അവസാനിച്ചുകണ്ടാൽ മതിയായിരുന്നെന്ന് കോളജ് വിദ്യാർഥിനിയായ ഈ സമുദായംഗം ഹേമലത അഭിപ്രായപ്പെട്ടു. ‘പാഠപുസ്തകം തൊടാൻ പോലും സമ്മതിക്കില്ല’ -ആർത്തവകാലം മൂന്ന് ദിവസം വീട്ടിൽനിന്ന് പുറത്തു കഴിയേണ്ടിവന്ന അനുഭവങ്ങൾ പരാമർശിച്ച് വിദ്യാർഥി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.