പരസ്യ കുടിശ്ശിക; മണിപ്പൂരിൽ ബി.ജെ.പിയുടെയും സർക്കാറിന്റെയും വാർത്തകൾ ബഹിഷ്കരിച്ച് മാധ്യമങ്ങൾ
text_fieldsഇംഫാൽ: പരസ്യ കുടിശ്ശിക വീട്ടാത്തതിനെ തുടർന്ന് മണിപ്പൂരിൽ സർക്കാറിന്റെയും ഭാരതീയ ജനത പാർട്ടിയുടെയും വാർത്തകൾ ബഹിഷ്കരിക്കാൻ മാധ്യമങ്ങൾ തീരുമാനിച്ചു. ഏപ്രിൽ 24 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് പ്രസാധകരും മാധ്യമപ്രവർത്തകരും സംയുക്തമായി തീരുമാനിച്ചു.
പത്ര പ്രസാധകർ, എഡിറ്റർമാർ, മണിപ്പൂർ ഹിൽ ജേണലിസ്റ്റ് യൂനിയൻ (എം.എച്ച്.ജെ.യു), ആൾ മണിപ്പൂർ വർക്കിങ് ജേണലിസ്റ്റ് യൂനിയൻ പ്രതിനികൾ എന്നിവർ പങ്കെടുത്ത സംയുക്ത യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
ഏപ്രിൽ 23 വൈകുന്നേരം നാലു മണിക്കകം എല്ലാ പരസ്യ ബില്ലുകളും തീർപ്പാക്കണമെന്ന് പ്രസാധകരും എഡിറ്റേഴ്‌സ് ഗിൽഡ് മണിപ്പൂർ (ഇജിഎം), എം.എച്ച്.ജെ, എ.എം.ഡബ്ല്യു.ജെ.യു അംഗങ്ങളും മണിപ്പൂർ സർക്കാരിനോടും ബി.ജെ.പി, കോൺഗ്രസ് സംസ്ഥാന ഘടകങ്ങളോടും അഭ്യർഥിച്ചിരുന്നു.
'എന്നാൽ, സർക്കാരിൽ നിന്നും ബി.ജെ.പിയിൽ നിന്നും പ്രതികരണം ഉണ്ടാകാത്തതിനാൽ ബഹിഷ്‌കരണവുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു'-ഇ.ജി.എം, എ.എം.ഡബ്ല്യു.ജെ.യു, എം.എച്ച്.ജെ.യു എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡന്റ് ഉറപ്പ് നൽകിയതിനാൽ കോണഗ്രസിന് കുറച്ച് കൂടി സമയം അനുവദിക്കാനും യോഗം തീരുമാനിച്ചു.
സർക്കാർ, ഭരണകക്ഷികൾ, ബി.ജെ.പി, നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ബഹിഷ്‌കരിക്കുമെന്ന് അവർ പ്രസ്താവനയിൽ അറിയിച്ചു. ബഹിഷ്‌കരണത്തിൽ പി.ഡി.എ, എൽ.ഡി.എ തുടങ്ങിയവയും എല്ലാ സർക്കാർ പരസ്യങ്ങളും ഉൾപ്പെടും.
ഗവർണർ, സ്പീക്കർ, കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾ എന്നിവ ബഹിഷ്കരണത്തിൽ നിന്ന് ഒഴിവാക്കി. ക്രമസമാധാനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വാർത്തകളും ബഹിഷ്‌കരണത്തിൽ നിന്ന് ഒഴിവാക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.