രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് പ്രതിദിനം 10,000 രൂപ പിഴ ചുമത്തി വിദ്യാഭ്യാസ വകുപ്പ്
text_fieldsലഖ്നോ: മുസാഫർനഗറിൽ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് പ്രതിദിനം 10,000 രൂപ പിഴ ചുമത്തുമെന്ന നോട്ടീസുമായി ഉത്തർപ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ്. കൃത്യമായ രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്ന പത്തോളം മദ്രസകൾക്കാണ് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയത്. ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും നിർദേശമുണ്ട്.
ഉത്തർപ്രദേശിൽ ഏകദേശം 24,000 മദ്രസകൾ ഉണ്ടെന്നും അതിൽ 16,000 അംഗീകൃതവും 8,000 മദ്രസകൾക്ക് അംഗീകരണം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. നോട്ടീസ് നൽകിയ മദ്രസകളോട് ഉത്തരവ് ലഭിച്ച് മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനാണ് നിർദേശം. അല്ലാത്തപക്ഷം ചട്ടങ്ങൾക്കനുസൃതമായി നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.
അതേസമയം മദ്രസകൾക്ക് മേലുള്ള നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജമിയത്ത് ഉലമ-ഇ-ഹിന്ദ് രംഗത്തെത്തിയിരുന്നു. മദ്രസകൾ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നു, അവർക്ക് പ്രതിദിനം 10,000 രൂപ പിഴ അടയ്‌ക്കാൻ കഴിയില്ലെന്നും ഇത് നിയമവിരുദ്ദമാണെന്നും ജമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ ഉത്തർപ്രദേശ് യൂണിറ്റ് സെക്രട്ടറി മൗലാന സക്കീർ ഹുസൈൻ പറഞ്ഞു.
സംസ്ഥാനത്തെ നാലായിരത്തോളം മദ്രസകളിലേക്ക് ലഭിക്കുന്ന ഫണ്ടുകളെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവുണ്ട്. ഇത് പ്രത്യേക അന്വേഷണ ഏജൻസികളെയും നിയോഗിച്ചിട്ടുണ്ട്. മദ്രസകൾക്ക് ലഭിച്ച ഫണ്ട് തീവ്രവാദമോ നിർബന്ധിത മതപരിവർത്തനമോ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.